കെനിയയില്‍ എത്തിയാല്‍ ഉടന്‍ വിവാഹം, വിധി മറിച്ചായി; മുംബൈ ഹോട്ടലിലെ തീപിടിത്തത്തില്‍ മരിച്ചവരില്‍ പ്രതിശ്രുത വരനും വധുവും 

മുംബൈ ഹോട്ടലില്‍ തീപിടിത്തത്തില്‍ മരിച്ച മൂന്ന് പേരില്‍ രണ്ടുപേര്‍ പ്രതിശ്രുത വധുവും വരനും
തീപിടിത്തം ഉണ്ടായ ഹോട്ടലിന്റെ ദൃശ്യം, എഎന്‍ഐ
തീപിടിത്തം ഉണ്ടായ ഹോട്ടലിന്റെ ദൃശ്യം, എഎന്‍ഐ

മുംബൈ: മുംബൈ ഹോട്ടലില്‍ തീപിടിത്തത്തില്‍ മരിച്ച മൂന്ന് പേരില്‍ രണ്ടുപേര്‍ പ്രതിശ്രുത വധുവും വരനും. വര്‍ഷങ്ങളായി കെനിയയില്‍ താമസിക്കുന്ന പ്രവാസി കിഷന്‍ ഹലായും 25 വയസുള്ള രൂപാല്‍ വെക്കാരിയയുമാണ് ആ രണ്ടുപേര്‍. മഹാരാഷ്ട്രയില്‍ നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ എത്തിയ ശേഷം വിവാഹം കഴിക്കാനാണ് ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിധി മറ്റൊന്നാവുകയായിരുന്നു. ഗുജറാത്ത് കച്ച് സ്വദേശികളാണ് ഇരുവരും.

മുംബൈ സാന്താക്രൂസിലെ ഗാലക്‌സി ഹോട്ടലില്‍ കഴിഞ്ഞദിവസമാണ് തീപിടിത്തം ഉണ്ടായത്. വിമാനം പുറപ്പെടുന്ന സമയത്തില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് വിമാന കമ്പനിയാണ് കിഷന്‍ ഹലായ്, രൂപാല്‍ വെക്കാരിയ അടക്കം ഉള്ളവരെ ഹോട്ടലില്‍ താമസിപ്പിച്ചത്. ഇവിടെയാണ് തീപിടിത്തം ഉണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്. തീപിടിത്തത്തില്‍ കിഷന്‍ ഹലായ്, രൂപാല്‍ വെക്കാരിയ എന്നിവര്‍ക്ക് പുറമേ കാന്തിലാല്‍ എന്നയാളാണ് മരിച്ച മൂന്നാമത്തെയാള്‍. രൂപാല്‍ വെക്കാരിയയയുടെ അമ്മ, സഹോദരി, അസ്ലാം ഷെയ്ക്ക് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കിഷനും രൂപാലും നെയ്‌റോബിയിലാണ് താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടും കിഷന്റെയും രൂപാലിന്റെയും കുടുംബങ്ങള്‍ നാടുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. അടുത്തിടെയാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. സമീപഭാവിയില്‍ തന്നെ വിവാഹം കഴിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. നെയ്‌റോബിയില്‍ തിരിച്ചെത്തിയ ശേഷം വിവാഹം കഴിക്കാനായിരുന്നു പദ്ധതി. നെയ്‌റോബിയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. അടുത്തിടെ കിഷന്റെ ഇളയ സഹോദരന്റെ കല്യാണത്തിനായാണ് ഇരുവരും ഇന്ത്യയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദാബാദില്‍ നിന്നാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുവരും മുംബൈയില്‍ എത്തിയത്. ശനിയാഴ്ച നെയ്‌റോബിയിലേക്ക് വിമാനത്തില്‍ പോകാനാണ് ഇരുവരും മുംബൈയിലെത്തിയത്. എന്നാല്‍ വിമാനത്തിന്റെ സമയക്രമം മാറ്റിയതോടെ, വിമാന കമ്പനി അവര്‍ക്ക്  ഹോട്ടലില്‍ താമസം ഒരുക്കുകയായിരുന്നു. ഇവിടെ വച്ചാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com