'ശ്മശാനം എന്റെ വിലാസം'; ആമസോണ്‍ മാനേജറുടെ കൊലപാതകത്തിന് പിന്നില്‍ 'മായാ ഗ്യാങ്'; ഗുണ്ടാ തലവന് 18 വയസ് മാത്രം പ്രായം, ഇന്‍സ്റ്റയില്‍ തോക്കുമേന്തി ചിത്രം 

ഡല്‍ഹിയെ നടുക്കി നടുറോഡില്‍ വച്ച് ആമസോണ്‍ മാനേജറെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ മായാ ഗ്യാങ്ങിന്റെ തലവന് 18 വയസ് മാത്രം പ്രായം
മായ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം
മായ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കി നടുറോഡില്‍ വച്ച് ആമസോണ്‍ മാനേജറെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ മായാ ഗ്യാങ്ങിന്റെ തലവന് 18 വയസ് മാത്രം പ്രായം. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ കുറഞ്ഞത് നാലു കൊലപാതക കേസുകളിലെ പ്രതിയാണ് മായ എന്ന് അറിയപ്പെടുന്ന മുഹമ്മദ് സമീര്‍ എന്ന് പൊലീസ് പറയുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ മുഹമ്മദ് സമീറിന് മായ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ട്. രണ്ടായിരത്തിലധികം ആളുകളാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്. മായ വെടി ഉതിര്‍ക്കുന്നതും ജയിലഴിക്കുള്ളില്‍ നില്‍ക്കുന്നതും സിനിമ ഡയലോഗുകള്‍ പറയുന്നതുമായ റീലുകള്‍ എല്ലാം വൈറലായിരുന്നുവെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം രാത്രിയാണ് ആമസോണ്‍ മാനേജര്‍ ഹര്‍പ്രീത് ഗില്‍ കൊല്ലപ്പെട്ടത്. ഇടുങ്ങിയ വഴിയില്‍ ഇരുചക്ര വാഹനത്തിന് വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു 'മായ ഗ്യാങ്'. ഗുണ്ടാത്തലവനായ മായയും ഗനിയും അടങ്ങുന്ന സംഘം പാര്‍ട്ടി കഴിഞ്ഞ് ഇരുചക്രവാഹനങ്ങളിൽ മടങ്ങി വരികയായിരുന്നു. ഈ സമയത്ത് അതുവഴി ബൈക്കിൽ വരികയായിരുന്നു ഹര്‍പ്രീതും അമ്മാവന്‍ ഗോവിന്ദും. ആര് വഴി കൊടുക്കും എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുപിതനായ മായ ഹര്‍പ്രീതിനെയും ഗോവിന്ദിനെയും വെടിവെയ്ക്കുകയായിരുന്നു. ഹര്‍പ്രീത് തത്ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിലായ ഗോവിന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മായയെയും ഗനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതായും പൊലീസ് പറയുന്നു. അടുത്തിടെയാണ് മായയ്ക്ക് 18 വയസ് തികഞ്ഞത്. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് കുറഞ്ഞത് നാലു കൊലപാതക കേസുകളിലെ പ്രതിയാണ് മായയെന്നും പൊലീസ് പറയുന്നു. 

'ഞാന്‍ കുപ്രസിദ്ധനാണ്, ശ്മശാനം എന്റെ വിലാസമാണ്, എനിക്ക് ജീവിക്കാനുള്ള പ്രായമാണ്, പക്ഷേ ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു.'- മായയുടെ ഇന്‍സ്റ്റഗ്രാം ബയോയിലെ വാക്കുകളാണിത്. മിന്നുന്ന വസ്ത്രങ്ങളും നീളമുള്ള മുടിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് മായ ഇന്‍സ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ഹൈലൈറ്റുകളില്‍ ക്ലിക്ക് ചെയ്താല്‍  'ജയില്‍' എന്ന അടിക്കുറിപ്പോടെ നിരവധി യുവാക്കള്‍ ജയിലഴിക്കുള്ളില്‍ നില്‍ക്കുന്നതും മായ തോക്കുകളുമായി പോസ് ചെയ്യുന്നതുമായ റീലുകള്‍ കാണാം. വടക്കുകിഴക്കന്‍ ഡല്‍ഹിയെ ഭീതിയിലാഴ്ത്തിയ ഒരു സംഘമാണ് മായ ഗ്യാങ് എന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com