പുതുതായി വന്നവര്‍ പാര്‍ട്ടി ഇല്ലാതാക്കും; ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബിജെപി എംഎല്‍എ, പാര്‍ട്ടി വിട്ടു

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ, മധ്യപ്രദേശ് ബിജെപിയില്‍ കലഹം
വീരേന്ദ്ര രംഘുവന്‍ഷി, ജ്യോതിരാദിത്യ സിന്ധ്യ
വീരേന്ദ്ര രംഘുവന്‍ഷി, ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ, മധ്യപ്രദേശ് ബിജെപിയില്‍ കലഹം. എംഎല്‍എ വീരേന്ദ്ര രംഘുവന്‍ഷി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിയില്‍ തന്നെ തഴഞ്ഞെന്ന് ആരോപിച്ചാണ് രാജി. സെപ്റ്റംബര്‍ രണ്ടിന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയാണ് രഘുവന്‍ഷി പാര്‍ട്ടി വിട്ടത്. 

തന്റെ വേദന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും നേതൃത്വത്തെയും അറിയിച്ചിരുന്നെങ്കിലും ആരും കാര്യമായി എടുത്തില്ലെന്ന് വീരേന്ദ്ര രഘുവന്‍ഷി ആരോപിച്ചു. ശിവ്പുര്‍ ജില്ലയിലെ കോലാറസ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രഘുവന്‍ഷി.

2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വേണ്ടി ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷനില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചെങ്കിലും തന്നെപ്പോലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പുതുതായി വന്ന ബിജെപി അംഗങ്ങള്‍ അവഗണിക്കുകയായിരുന്നു. മണ്ഡലത്തില്‍ താന്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാനും തന്നെയും പ്രവര്‍ത്തകരെയും ദ്രോഹിക്കാനും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും രഘുവന്‍ഷി ആരോപിച്ചു.

2020ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നപ്പോള്‍ സിന്ധ്യ പറഞ്ഞത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതുപോലെ കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളിയില്ല എന്നാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം സിന്ധ്യ ഇതിനെപ്പറ്റി മിണ്ടിയിട്ടില്ല- രഘുവന്‍ഷി ആരോപിച്ചു. 

സംസ്ഥാന മന്ത്രിമാര്‍ വ്യാപമായി അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും കൈക്കൂലി വാങ്ങുന്നതിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗോമാതാവിന്റെ പേരില്‍ വോട്ട് പിടിച്ച ബിജെപി പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്തില്ല. ഗോശാലകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണ്. പുതുതായി ബിജെപിയില്‍ എത്തി മന്ത്രിമാര്‍ ആയവര്‍ക്ക് പാര്‍ട്ടിയെ സംരക്ഷിക്കാന്‍ കഴിയില്ല. അവര്‍ പാര്‍ട്ടിയെ മുക്കും, ആര്‍ക്കും രക്ഷിക്കാനാവില്ല.- അദ്ദേഹം പറഞ്ഞു. അതേസമയം, രഘുവന്‍ഷി സെപ്റ്റംബര്‍ രണ്ടിന് കോണ്‍ഗ്രസില്‍ ചേരുമെന്ന് മുന്‍ മന്ത്രി അരുണ്‍ യാദവ് വ്യക്തമാക്കി.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com