മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ നിന്നും ഭരണതലവനിലേക്ക്; മിസോറാം മുഖ്യമന്ത്രിയായി ലാല്‍ഡുഹോമ ഇന്ന് ചുമതലയേല്‍ക്കും

മിസോറാമിലെ 40 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടിയാണ് സെഡ്പിഎം അധികാരം പിടിച്ചെടുത്തത്
ലാൽഡുഹോമ/ പിടിഐ
ലാൽഡുഹോമ/ പിടിഐ

ഐസ്വാള്‍: മിസോറാം മുഖ്യമന്ത്രിയായി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ഡുഹോമ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെഡ്പിഎമ്മിലെ ഏതാനും മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ഹരിബാബു കംബാംപെട്ടി പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

മിസോറാമിലെ 40 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടിയാണ് സെഡ്പിഎം അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയായിരുന്ന സോറം താങ്ക അടക്കം നിരവധി പ്രമുഖരാണ് സെഡ്പിഎമ്മിന്റെ വിജയക്കുതിപ്പില്‍ തോല്‍വിയറിഞ്ഞത്. സാങ്കയുടെ എംഎന്‍എഫ് 10 സീറ്റിലേക്ക് ഒതുക്കപ്പെട്ടു. 

മിസോറാമില്‍ മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാണ് അനുവദനീയമായത്. ചൊവ്വാഴ്ച ചേര്‍ന്ന സെഡ്പിഎമ്മിന്റെ യോഗത്തില്‍ ലാല്‍ഡുഹോമയെ നിയമസഭ കക്ഷി നേതാവായും കെ സപ്ദാങയെ ഉപനേതാവായും തെരഞ്ഞെടുത്തിരുന്നു. 

മുന്‍ ഐപിഎസ് ഓഫീസറാണ് മിസോറാമിന്റെ പുതിയ മുഖ്യമന്ത്രിയാകുന്ന ലാല്‍ഡുഹോമ. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതല വഹിച്ചിട്ടുണ്ട്. 1977 ല്‍ ഐപിഎസില്‍ പ്രവേശിച്ച ലാല്‍ഡുഹോമ ഗോവയില്‍ കള്ളക്കടത്തുകാരെയും കുറ്റക്കാരായ ഹിപ്പികളെയും അടിച്ചമര്‍ത്താനുള്ള പ്രത്യേക പൊലീസ് സംഘത്തെ നയിച്ചിട്ടുണ്ട്. 

1984 ല്‍ ഐപിഎസ് വിട്ട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കോണ്‍ഗ്രസില്‍ പ്രവേശിച്ച അദ്ദേഹം മിസോറാമില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2003 ലാണ് ലാല്‍ഡുഹോമ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. തുടര്‍ന്ന് സോറം നാഷണലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് നിയമസഭയിലേക്ക് വിജയിച്ചു. പിന്നീടാണ് ആറു പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് രൂപീകരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com