രാത്രി 8 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ക്ക്‌ ക്ലാസെടുക്കരുത്: വിവാദ ഉത്തരവ് പിന്‍വലിച്ച് യുപി സര്‍ക്കാര്‍

സേഫ് സിറ്റി' പദ്ധതി അനുസരിച്ച് നല്‍കിയ മാര്‍ഗ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പിന്‍വലിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നോയിഡ: കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രാത്രി 8 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ക്കായി ക്ലാസുകള്‍ നടത്തരുതെന്ന ഉത്തരവ് പിന്‍വലിച്ച് യുപി സര്‍ക്കാര്‍. ഓഗസ്റ്റ് 30 നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാത്രി 8 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ക്ക് കോച്ചിംഗ് ക്ലാസുകള്‍ നല്‍കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

'സേഫ് സിറ്റി' പദ്ധതി അനുസരിച്ച് നല്‍കിയ മാര്‍ഗ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പിന്‍വലിച്ചത്. ഡിസംബര്‍ നാലിനാണ് സ്പെഷ്യല്‍ സെക്രട്ടറി അഖിലേഷ് കുമാര്‍ മിശ്ര ഒപ്പുവെച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടൊപ്പം പുതിയ മാര്‍ഗ നിര്‍ദേശങ്ങളും പറയുന്നുണ്ട്. 

സേഫ് സിറ്റി പദ്ധതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഗേറ്റുകള്‍, ക്യാമ്പസിനകം, ടീച്ചിംഗ് റൂമുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെല്ലാം കാമറകള്‍ സ്ഥാപിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് കോച്ചിംഗ് സെന്ററുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ടോയ്ലറ്റുകള്‍ നല്‍കുന്നത് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രാത്രി 8 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ക്ക് ക്ലാസുകള്‍ നടത്തരുതെന്ന ഉത്തരവിനെതിരെ 
നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നോയിഡയിലെ ക്രമസമാധാന സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യുപി സര്‍ക്കാരിനെതിരെ നിരന്തരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് സേഫ് സിറ്റി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com