സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ല: മഥുര ഈദ് ഗാഹ് മസ്ജിദില്‍ സര്‍വേ നടത്തുന്നതില്‍ സുപ്രീം കോടതി

ഇന്നലെയാണ് സര്‍വേ നടത്താന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് അലഹമാബാദ് ഹെക്കോടതി പുറപ്പെടുവിച്ചത്.
Published on

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താനുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. ഇന്നലെയാണ് സര്‍വേ നടത്താന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കൃഷ്ണന്റെ ജന്‍മസ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന ഹിന്ദു സംഘടനകളാണ് സര്‍വേ നടത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. 

കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച ഹര്‍ജി കീഴ്‌ക്കോടതിയില്‍ ഫയല്‍ ചെയ്തത്.എന്നാല്‍ ഈ നീക്കത്തിനെതിരെ ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍വേ നടത്താന്‍ മൂന്നംഗ അഭിഭാഷക കമ്മീഷണര്‍മാരെ നിയമിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. ഡിസംബര്‍ 18ന് കോടതി വാദം കേള്‍ക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 

ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീകൃഷ്ണ ജന്‍മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം കോടതിയെ സമീപിച്ചത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപിപള്ളി സമുച്ചയത്തില്‍ അഭിഭാഷക സംഘം നടത്തിയ സര്‍വേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുക. 

മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്‍ന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ്. 13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് 1669-70 കാലത്ത് ഷാഹി ഈദ്ഗാഹ് പണിതതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം. പള്ളിസമുച്ചയം അവിടെനിന്ന് മാറ്റി തങ്ങള്‍ക്ക് ആരാധനയ്ക്ക് അവസരം നല്‍കണമെന്നതാണ് അവരുടെ ആവശ്യം. ഇതുസംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൃഷ്ണ ജന്മഭൂമി-ഷാഹി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ 18 കേസുകളാണ് നിലവിലുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com