റേഡിയേഷന്‍ കാന്‍സര്‍ ഉണ്ടാക്കില്ല; ജനങ്ങളുടെ ഭീതി അകറ്റാന്‍ എംപിമാര്‍ രംഗത്തിറങ്ങണം; കേന്ദ്ര മന്ത്രി

ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ റേഡിയേഷന്‍ മൂലം ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നും മന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: റേഡിയേഷന്‍ കാന്‍സര്‍ ഉണ്ടാക്കുമെന്ന ജനങ്ങളുടെ ഭീതി അകറ്റാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ്. ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ റേഡിയേഷന്‍ മൂലം ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

റേഡിയേഷന്‍ മരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഒരു ഇന്‍ഹൗസ് പഠനം നടത്തിയെന്ന് മന്ത്രി അറിയിച്ചു. ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ എത്ര പേര്‍ രോഗികളായി, എത്ര പേര്‍ മരിച്ചു എന്നാണ് പരിശോധിച്ചത്. ബിഎആര്‍സിയില്‍ ഒരു ശാസ്ത്രജ്ഞന്‍ പോലും റേഡിയേഷന്‍ കൊണ്ടുള്ള കാന്‍സര്‍ മൂലം മരിച്ചിട്ടില്ല. അവിടെ രണ്ടോ മൂന്നോ പേര്‍ക്കാണ് കാന്‍സര്‍ വന്നിട്ടുള്ളത്, അവയാണെങ്കില്‍ റേഡിയേഷന്‍ മൂലമുള്ളവ അല്ലെന്നും മന്ത്രി പറഞ്ഞു. 

ജനങ്ങളുടെ ഭീതി അകറ്റേണ്ടത് ജനപ്രതിനിധികളുടെ ചുമതലയാണ്. എംപിമാര്‍ അതിനു മുന്നിട്ടിറങ്ങണം. ചില വിദേശ രാജ്യങ്ങളില്‍ ജനവാസ കേന്ദ്രങ്ങള്‍ക്കകത്താണ് മൈനിങ് പദ്ധതികളും ന്യൂക്ലിയര്‍ റിയാക്ടറുകളുമൊക്കെ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ പദ്ധതികള്‍ വരുമ്പോള്‍ തന്നെ ജനങ്ങള്‍ എതിര്‍ക്കുന്നു. പലതും അങ്ങനെ മുടങ്ങിക്കിടക്കുകയാണ്. മേഘാലയയില്‍ വന്‍ യുറേനിയം ജനങ്ങളുടെ ഈ ഭീതി മൂലം ഉപയോഗിക്കാനാവാതെ കിടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com