ഛത്തീസ് ഗഡിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്; പ്ലീനറി പൊളിക്കാനെന്ന് കോണ്‍ഗ്രസ്; രാഷ്ട്രീയ വിവാദം

ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ വെള്ളിയാഴ്ച മുതല്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കാനിരിക്കെയാണ് റെയ്ഡ്
പിടിഐ ചിത്രം
പിടിഐ ചിത്രം

റായ്പുര്‍: ഛത്തീസ് ഗഡിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കമാണ് പരിശോധന. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ വെള്ളിയാഴ്ച മുതല്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കാനിരിക്കെയാണ് റെയ്ഡ്. കല്‍ക്കരി ലെവി കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു. 

കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ രാംഗോപാല്‍ അഗര്‍വാള്‍, കോണ്‍ഗ്രസ് വക്താവ് ആര്‍ പി സിങ്, ദര്‍ഗ് ജില്ലയിലുള്ള കോണ്‍ഗ്രസ് എംഎല്‍എ ദേവേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഘേല്‍ ആരോപിച്ചു. 

ഭാരത് ജോഡോ യാത്ര വിജയിച്ചതിലും അദാനിയുടെ സത്യാവസ്ഥ പുറത്തു വന്നതിലും ബിജെപി നിരാശയിലാണ്. ഈ റെയ്ഡ് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. റെയ്ഡ് നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം കെടുത്താമെന്ന് കരുതേണ്ടെന്നും ഭൂപേഷ് ബാഘേല്‍ പറഞ്ഞു. റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ കുറ്റപ്പെടുത്തി. 

ഛത്തീസ്ഗഡിലെ ഇഡി റെയ്ഡ് കേന്ദ്രത്തിന്റെ രാഷ്ട്രീയപ്രതികാരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഇഡിയെ ഉപയോഗിച്ച് വിരട്ടാന്‍ ശ്രമിക്കേണ്ട. ഇതിനേക്കാള്‍ വലിയ ഭീഷണി മറികടന്നിട്ടുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. മോദിക്കു വേണ്ടി എന്തും ചെയ്യുന്നവരാണ് സിബിഐയും ഇഡിയും. അദാനി വിഷയത്തില്‍ ഈ തിടുക്കവും ജാഗ്രതയും കണ്ടില്ലല്ലോയെന്ന് പവന്‍ ഖേര ചോദിച്ചു. 

ഈ റെയ്ഡുകള്‍ ബിജെപിയുടേയും മോദിയുടേയും മൂന്നാംകിട രാഷ്ട്രീയത്തിനും പ്രതികാര നടപടിക്കുമെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ജയ്‌റാം രമേശ് പറഞ്ഞു. ആവശ്യവര്‍ക്കെതിരെ പ്രധാനമന്ത്രി ഇഡിയെ അഴിച്ചുവിടുന്നില്ല. മുമ്പ് ഇഡി പരിശോധനയ്ക്ക് വിധേയരാവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ നിരപരാധികളായി. ബിജെപി വാഷിംഗ് മെഷീന്‍ എന്നാണ് ഇതിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യസഭയില്‍ വിശേഷിപ്പിച്ചതെന്ന് ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com