'യഥാര്‍ത്ഥ ശിവസേന': ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഹര്‍ജിയില്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഉദ്ധവ് പക്ഷം എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയിലേക്ക് കടക്കില്ലെന്ന് ഷിന്‍ഡെ പക്ഷം സുപ്രീംകോടതിയില്‍ അറിയിച്ചു.


ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ പിഎസ് നരസിംഹയും ജെ ബി പര്‍ദിവാലയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പാര്‍ട്ടി സ്വത്തുക്കള്‍ ഷിന്‍ഡെ വിഭാഗം ഏറ്റെടുക്കുന്നത് തടയണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് സമാനമാകുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ശിവസേനയുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും ഷിന്‍ഡെ വിഭാഗം ഏറ്റെടുക്കുമെന്ന് ഉദ്ധവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. 

പാര്‍ട്ടിയുടെ ഉന്നത സമിതിയായ പ്രതിനിധി സഭയില്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈയെന്ന് ഉദ്ധവ് വിഭാഗം വാദിച്ചു.  200 അംഗങ്ങളില്‍ 160പേരും തങ്ങള്‍ക്കൊപ്പമാണെന്നും ഉദ്ധവ് വിഭാഗം വാദിച്ചു. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷത്തെ ഔദ്യോഗിക ശിവസേനയായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. പാര്‍ട്ടി തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് പക്ഷത്തിന് നല്‍കുകയും ചെയ്തു. കത്തുന്ന ടോര്‍ച്ച് ചിഹ്നമാണ് ഉദ്ധവ് പക്ഷത്തിന് അനുവദിച്ചത്. ഇതിന് പിന്നാലെ, തീരുമാനം ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com