ലൈംഗികാരോപണം തെളിയിച്ചാല്‍ തൂങ്ങിമരിക്കാം; ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരു വലിയ വ്യവസായി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ്

തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്/എഎന്‍ഐ
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്/എഎന്‍ഐ


ന്യൂഡല്‍ഹി: തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ആസൂത്രിതമായ ഗൂഢാലോചനയാണിതെന്നും ലൈംഗിക പീഡനം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കായികതാരം എങ്കിലും മുന്നോട്ട് വന്ന് ഇത് തെളിയിച്ചാല്‍ ഞാന്‍ തൂങ്ങിമരിക്കും. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും അടക്കമുള്ള നിരവധി ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് പ്രതികരണവുമായി രംഗത്തെത്തിയത്. 

'ദേശീയ തലത്തില്‍ ട്രയല്‍സില്‍ പങ്കെടുക്കാനോ മത്സരങ്ങളില്‍ പോരാടാനോ ഗുസ്തിതാരങ്ങള്‍ തയ്യാറല്ലെന്ന് ബ്രിജ് ഭൂഷണ്‍ ആരോപിച്ചു. വ്യക്തമായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. വിനേഷ് ഉന്നയിച്ച ആരോപണങ്ങള്‍ സ്ഥിരീകരിച്ച് ആരെങ്കിലും മുന്നോട്ട് വരുന്നുണ്ടോ? ഫെഡറേഷന്‍ പ്രസിഡന്റ് ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം നടത്തിയെന്ന് പറഞ്ഞ് ആരെങ്കിലും മുന്നോട്ട് വന്നിട്ടുണ്ടോ?' അദ്ദേഹം ചോദിച്ചു.

'ഫെഡറേഷന്‍ ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നിങ്ങള്‍ ട്രയല്‍ നല്‍കില്ല, ദേശീയ തലത്തില്‍ മത്സരിക്കുകയുമില്ല. ഫെഡറേഷന്‍ ചട്ടങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് പ്രശ്‌നം. ഇന്ന് ധര്‍ണയില്‍ ഇരിക്കുന്ന ഈ കളിക്കാരില്‍ ഒരാള്‍ പോലും ദേശീയതലത്തില്‍ പോരാടിയിട്ടില്ല. ഇത് എനിക്കെതിരെയുള്ള ഗൂഢാലോചനയാണ്.ഒരു വലിയ വ്യവസായി ഇതില്‍ പങ്കാളിയാണ്. വിനേഷ് ഫോഗട്ട് തോറ്റപ്പോള്‍ അവരെ പ്രചോദിപ്പിച്ചത് ഞാനാണ്,'- അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പറഞ്ഞു.

പരിശീലന ക്യാമ്പില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായി എന്നായിരുന്നു ഗുസ്തി താരങ്ങളുടെ വെളിപ്പെടുത്തല്‍. ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തു. താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണെന്നും ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ഗുസ്തി താരങ്ങള്‍ ആരോപിച്ചു.

ടോക്കിയോ ഒളിംപിക്‌സ് പരാജയത്തിന് ശേഷം ബ്രിജ് ഭൂഷണ്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ താരം വിനേഷ് ഫോഗത്ത് പറഞ്ഞു. 'ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ആയിരിക്കും.' ഫോഗട്ട് പറഞ്ഞു.

ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണെന്നും നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഗുസ്തി താരം ബജ്രംഗ് പുനിയ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com