ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞരാണ് ഭഗവാന്‍ കൃഷ്ണനും ഹനുമാനുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ തന്നെ മന്ത്രിയാക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെയ്ന്‍ വേള്‍ഡ്' എന്ന തന്റെ ഇംഗ്ലിഷ് പുസ്തകത്തിന്റെ മറാത്തി പരിഭാഷയായ ഭാരത് മാര്‍ഗിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നയതന്ത്രത്തെക്കുറിച്ച് പറയുമ്പോള്‍, മഹാഭാരതത്തിനും രാമായണത്തിനും പ്രാധാന്യമേറെയാണ്. ലോകത്തിലെ മഹാന്മാരായ നയതന്ത്രജ്ഞരാണ് കൃഷ്ണനും ഹനുമാനും. നയതന്ത്രത്തിനപ്പുറം പോയ ആളാണ് ഹനുമാന്‍. ഏല്‍പ്പിച്ച ദൗത്യവും പിന്നിട്ട്, സീതയെ കാണുകയും ലങ്കയ്ക്ക് തീയിടുകയും ചെയ്തു.
തന്ത്രപരമായ ക്ഷമയ്ക്ക് കൃഷ്ണന്‍ മാതൃകയാണ്. ശിശുപാലന്റെ 100 തെറ്റുകള്‍ ക്ഷമിക്കുമെന്ന് അദ്ദേഹം വാക്കു നല്‍കി. നൂറു തികഞ്ഞാല്‍ അദ്ദേഹം ശിശുപാലനെ വധിക്കും. മികച്ച തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്ക് വേണ്ട ധാര്‍മികഗുണമാണിത്. മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്രം വൈവിധ്യമുള്ള ഇന്ത്യയെപ്പോലെയാണ്. ഭീകരതയെ ചെറുക്കുന്നതില്‍ പാകിസ്ഥാന്‍ കാര്യക്ഷമമായിരുന്നില്ല. അതിനുള്ള തിരിച്ചടി ആഗോളതലത്തില്‍നിന്ന് അവര്‍ക്കു ലഭിച്ചു'- ജയ്ശങ്കര്‍ പറഞ്ഞു.
തന്റെ മന്ത്രിപദവിയില്‍ ജയ്ശങ്കര്‍ പ്രധാനമന്ത്രി മോദിക്കു നന്ദി പറഞ്ഞു. 'വിദേശകാര്യ സെക്രട്ടറി ആവുക എന്നതായിരുന്നു എന്റെ മോഹങ്ങളുടെ പരിധി. മന്ത്രിയാകാന്‍ ആഗ്രഹിച്ചില്ല. മോദിക്ക് പകരം മറ്റൊരാളായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ എന്നെ മന്ത്രിയാക്കുമെന്ന് ഉറപ്പില്ല'- ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക