ടീസ്തയുടെ ജാമ്യത്തില്‍ ഭിന്നത; മൂന്നംഗ ബെഞ്ച് പരിഗണിക്കും, സുപ്രീംകോടതിയില്‍ രാത്രി സിറ്റിങ്

2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ജാമ്യം നല്‍കുന്നതില്‍ സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചില്‍ ഭിന്നത
സുപ്രീംകോടതി,ടീസ്ത സെതല്‍വാദ്
സുപ്രീംകോടതി,ടീസ്ത സെതല്‍വാദ്


ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ജാമ്യം നല്‍കുന്നതില്‍ സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചില്‍ ഭിന്നത. ടീസ്തയ്ക്ക് ജാമ്യം നല്‍കണമെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അഭയ് എസ് ഓക നിലപാട് സ്വീകരിച്ചു. എന്നാല്‍ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര ഇതിനോട് വിയോജിച്ചു. ഇതോടെ ജാമ്യം തേടിയുള്ള ടീസ്തയുടെ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടു. ഹര്‍ജി പരിഗണിക്കാനുള്ള മൂന്നംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂപികരിക്കും. തുടര്‍ന്ന് ശനിയാഴ്ച രാത്രി 9.15-ന് പ്രത്യേക സിറ്റിങ്ങ് നടക്കും.

ടീസ്തയ്ക്ക് കീഴടങ്ങാന്‍ ചൊവ്വാഴ്ച്ച വരെയെങ്കിലും സമയം നല്‍കണമായിരുന്നുവെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് അഭയ് എസ് ഓക വാക്കാല്‍ നിരീക്ഷിച്ചു. സെപ്റ്റംബര്‍ മുതല്‍ ടീസ്ത ഇടക്കാല ജാമ്യത്തിലായിരുന്നു. അതിനാല്‍ കീഴടങ്ങാന്‍ രണ്ടോ മൂന്നോ ദിവസം കൂടി അനുവദിച്ചിരുന്നുവെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജാമ്യം നല്‍കുന്ന കാര്യത്തില്‍ തനിക്കും ജസ്റ്റിസ് പികെ മിശ്രയ്ക്കും ഏകാഭിപ്രായം ഇല്ലാത്തതിനാല്‍ ഹര്‍ജി ഉയര്‍ന്ന ബെഞ്ചിലേക്ക് വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിരം ജാമ്യത്തിനായുള്ള ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ടീസ്ത എത്രയും വേഗം കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തത്തിലാണ് ടീസ്ത അടിയന്തിരമായി സുപ്രീം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com