ബം​ഗാളിൽ ഇന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വ്യാപക അക്രമം, മൂന്ന് പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് തൃണമൂൽ കോൺ​ഗ്രസ്

22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക
പോളിങ് ബൂത്ത് ആക്രമിക്കപ്പെട്ടപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്
പോളിങ് ബൂത്ത് ആക്രമിക്കപ്പെട്ടപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ഇന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. അതിനിടെ വോട്ടെടുപ്പിൽ അക്രമ സംഭവങ്ങളാണ് ബം​ഗാളിൽ അരങ്ങേറുന്നത്. 

തങ്ങളുടെ മൂന്ന് പ്രവർത്തകർ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന ആരോപണവുമായി തൃണമൂൽ കോൺ​ഗ്രസ് രം​ഗത്തെത്തി. ട്വിറ്ററിലൂടെയാണ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞത്. രെജിനഗര്‍, തുഫാന്‍ഗന്‍ജ്, ഖര്‍ഗ്രാം എന്നിവിടങ്ങളിലാണ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് വെടിയേറ്റതായും പറയുന്നു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ സംസ്ഥാനത്ത് അക്രമം വ്യാപകമാണ്. നാമനിർദേശപത്രിക സമർപ്പിക്കുന്നത് മുതൽ 23 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് വോട്ടെടുപ്പ്. 65,000 കേന്ദ്ര സേനാംഗങ്ങളെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. കൂച്‌ബെഹാര്‍ സിതൈയിലെ പോളിങ് ബത്തിന് നേരെ ആക്രമമുണ്ടായി. ബാലറ്റ് പേപ്പറുകള്‍ കത്തിച്ചു. മുർഷിദാബാദിൽ തൃണമൂൽ- കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.  കൂടാതെ മര്‍ഷിദാബാദിലെ കഡംബഗച്ചിയിലുണ്ടായ ആക്രമണത്തില്‍ അബ്ദുള്ള അലി എന്ന ആള്‍ കൊല്ലപ്പെട്ടു. ബെല്‍ദന്‍ഗയിലും ഒരാള്‍ മരിച്ചിട്ടുണ്ട്.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം എങ്ങോട്ടെന്നതിന്റെ ദിശാസൂചിക കൂടി ആയിരിക്കുമെന്നതിനാൽ രാഷ്ട്രീയപാർട്ടികൾ വാശിയോടെയാണ് മത്സരരംഗത്തുള്ളത്. 5.67 കോടി വോട്ടർമാരാണ് പോളിങ് ബൂത്തുകളിലെത്തുക. കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തിൽ തൃണമൂൽ 793 സീറ്റിൽ ജയിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോൺഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com