ഡെറക് ഒബ്രിയാന്‍ വീണ്ടും രാജ്യസഭയിലേക്ക്; ആറ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍

ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള ആറ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
ഡെറക് ഒബ്രിയാന്‍/പിടിഐ
ഡെറക് ഒബ്രിയാന്‍/പിടിഐ


കൊല്‍ക്കത്ത: ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള ആറ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ഡെറക് ഒബ്രിയാന്‍, സുഖേന്ദു ശേഖര്‍ റോയ്, ഡോലാ സെന്‍, ബംഗ്ലാ സന്‍സ്‌ക്രിതി മഞ്ച് പ്രസിഡന്റ് സമീറുള്‍ ഇസ്ലാം, ടിഎംസി അലിപുര്‍ദുര്‍ ജില്ലാ പ്രസിഡന്റ് പ്രകാശ് ചിക് ബറൈക്, വിവരാവകാശ പ്രവര്‍ത്തകനും ടിഎംസി നേതാവുമായ സാകേത് ഗോഖലെ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 

2011മുതല്‍ പാര്‍ലമെന്റ് അംഗമായ ഡെറക് ഒബ്രിയാന്‍ ടിഎംസിയുടെ രാജ്യസഭ കക്ഷി നേതാവാണ്. സുഖേന്ദു ശേഖര്‍ റോയ് നിലവില്‍ പാര്‍ട്ടിയുടെ രാജ്യസഭ ചീഫ് വിപ്പാണ്. 2017ലാണ് ഡോലാ സെന്‍ രാജ്യസഭയിലെത്തിയത്. 

ഡെറക് ഒബ്രിയാന്‍, സുഖേന്ദു ശേഖര്‍ റോയ്,ഡോലാ സെന്‍ എന്നിവരുടെ കാലാവധി ഈമാസം അവസാനിക്കും. കോണ്‍ഗ്രസ് എംപി പ്രതീപ് ഭട്ടാചാര്യ, ടിഎംസിയുടെ അസമില്‍ നിന്നുള്ള എംപി സുഷ്മിത ദേവ്, ഡാര്‍ജിലിങില്‍ നിന്നുള്ള എംപി ശാന്ത ഛേത്രി എന്നിവരുടെയും കാലാവധി ഈ മാസം പൂര്‍ത്തിയാകും. ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിനോ ഫെലോറ നേരത്തെ രാജ്യസഭ എംപി സ്ഥാനം രാജിവച്ചിരുന്നു. ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഈ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ജൂലൈ 24ന് നടക്കും. ഗുജറാത്ത്, ഗോവ എന്നിവിടങ്ങളില്‍ ഒഴിവുള്ള രണ്ട് വീതം സീറ്റുകളിലേക്കും 24ന് തെരഞ്ഞെടുപ്പ് നടക്കും.

294 അംഗ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 216 എംഎല്‍എമാരാണുള്ളത്. അഞ്ച് ബിജെപി എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിക്ക് 70 എംഎല്‍എമാരാണ് ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com