മണിപ്പൂർ സംഘർഷം; അന്വേഷിക്കാൻ മൂന്നം​ഗ സമിതിയെ നിയമിച്ച് കേന്ദ്രം; ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ആറു മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഗുവാഹത്തി: മണിപ്പൂർ സംഘർഷത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയമിച്ച് കേന്ദ്രം. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാബയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹിമാന്‍ഷു ശേഖര്‍ ദാസ്, മുന്‍ഐപിഎസ് ഉദ്യോഗസ്ഥന്‍ അലോക പ്രഭാകര്‍ എന്നിവരാണുള്ളത്. ആറു മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇംഫാല്‍ കേന്ദ്രീകരിച്ചാകും സമിതിയുടെ പ്രവര്‍ത്തനം.

മണിപ്പുർ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആറു കേസുകളുടെ അന്വേഷണം സിബിഐയ്ക്ക് കൈമാറും. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ തട്ടിയെടുത്തവര്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും. എത്രയും വേഗം ആയുധങ്ങള്‍ തിരികെ നല്‍കി കീഴടങ്ങണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്തു ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപ്പുരിലെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കു പിന്നാലെയാണു സംസ്ഥാനത്തു സംഘർഷം ഉടലെടുത്തത്. കലാപത്തെ തുടർന്നു 98 പേർ കൊല്ലപ്പെട്ടു. 310 പേർക്കു പരുക്കേറ്റു. ആയിരത്തോളം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com