'അരിക്കൊമ്പനെ തുറന്നുവിടരുത്'- മണിമുത്തരുവിൽ പ്രതിഷേധവുമായി നാട്ടുകാർ; അറസ്റ്റ് ചെയ്തു നീക്കി (വീഡിയോ)

കേരളത്തിൽ നിന്നു മാറ്റിയതിന് പിന്നാലെ തമിഴ്നാട്ടിലും ആന ജനവാസ മേഖലയിൽ ഇറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ചെന്നൈ: അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാ സമു​ദ്ര തീരത്തുള്ള കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നു വിടുന്നതിനെതിരെ പ്രതിഷേധം. മണിമുത്തരുവിലാണ് ജനങ്ങൾ പ്രതിഷേധവുമായി രം​ഗത്തിറങ്ങിയത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

കേരളത്തിൽ നിന്നു മാറ്റിയതിന് പിന്നാലെ തമിഴ്നാട്ടിലും ആന ജനവാസ മേഖലയിൽ ഇറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു. പിന്നാലെയാണ് തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വച്ച് അരിക്കൊമ്പനെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാൻ തീരുമാനിച്ചത്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കാത്ത വിധത്തിൽ സംരക്ഷിത വനമേഖലയിലേക്ക് മാറ്റുമെന്ന് സർക്കാർ മ​ദ്രാസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

അതിനിടെ അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയെന്ന വാർത്ത ആശയക്കുഴപ്പത്തിന് ഇടയാക്കി. എന്നാൽ അത്തരമൊരു ഉത്തരവ് ലഭിച്ചില്ലെന്നാണ് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയത്. 

നാളെ രാവിലെ പത്തരയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത് വരെയാണ് കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. അതുവരെ ആനയെ വനം വകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പരിഗണിച്ചത്. ഇതില്‍ നാളെ വാദം കേള്‍ക്കുന്നത് വരെ തത്കാലം അരിക്കൊമ്പനെ തുറന്നുവിടരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹര്‍ജിയിലൂടെ റെബേക്ക ജോസഫ് ആവശ്യപ്പെട്ടത്.

നിലവില്‍ കമ്പത്ത് നിന്ന് പിടികൂടിയ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി തിരുനെല്‍വേലിയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. തുറന്നുവിടാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി വെച്ചു. മൂന്നു കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ അനിമല്‍ ആംബുലന്‍സ് വാഹനത്തില്‍ കയറ്റിയത്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അരിക്കൊമ്പനെ മയക്കു വെടിവെക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com