സ്കൂളിൽ പർദ്ദ ഇടാൻ പാടില്ലെന്ന് പ്രിൻസിപ്പൽ; ഭീകര സംഘടനയുടെ വധഭീഷണി, പിന്നാലെ മാപ്പ് പറച്ചിൽ 

പർദ്ദ ഇടാൻ പാടില്ലെന്ന് പറ‍ഞ്ഞ പ്രിൻസിപ്പലിനെതിരെ വധഭീഷണി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗർ: സ്കൂളിൽ പർദ്ദ നിരോധിക്കുമെന്ന് ആരോപിച്ച് പ്രിൻസിപ്പലിന് ഭീകര സംഘടനയുടെ ഭീഷണി. ശ്രീനഗറിലെ വിശ്വഭാരതി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലിന് നേരെയാണ് ഭീഷണിയുണ്ടായത്. യൂണിഫോമിന്റെ ഭാ​ഗമായി ഹിജാബ് ധരിക്കാമെങ്കിലും സ്കൂളിനുള്ളിൽ പർദ്ദ ധരിക്കരുതെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പ്രിൻസിപ്പൽ സ്കൂളിൽ ഡ്രസ് കോഡ് നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇത് മതപരമായ ആചാരങ്ങൾക്കനുസരിച്ച് എന്ത് ധരിക്കണമെന്ന് തെരഞ്ഞെടുക്കുന്നതിന്റെ എതിരാണെന്നും വിദ്യാർഥികൾ ആരോപിച്ചു. 

പർദ്ദ ധരിക്കണമെങ്കിൽ മദ്രസയിൽ പോയി ചേരണമെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർഥിനികൾ ആരോപിച്ചു. കർണാടകയിൽ സ്കൂളുകളിൽ ഡ്രസ് കോഡ് നടപ്പാക്കിയതു പോലെ ശ്രീന​ഗറിലും ഡ്രസ് കോഡ് നടപ്പാക്കാനാണ് പ്രിൻസിപ്പളിന്റെ ശ്രമമെന്നും ചിലർ കുറ്റപ്പെടുത്തി.
എന്നാൽ പ്രിൻസിപ്പൽ ആരോപണം നിഷേധിച്ചു. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാഷ്ട്രീയ നേതാക്കളും സ്കൂൾ അധികൃതർക്കെതിരെ രം​ഗത്തെത്തി.

സ്‌കൂളിലെ ഭൂരിഭാഗം പെൺകുട്ടികളും ഹിജാബ് ധരിക്കാറുണ്ടെന്നും ശരീരം മൊത്തം മൂടുന്ന പർദ്ദ ധരിക്കരുതെന്നാണ് ആവശ്യപ്പെട്ടതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കി ഭീകര സംഘം പ്രസ്‌താവനയിറക്കിയത്. തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വികാരം വ്രണപ്പെടുത്തിയതിൽ പ്രിൻസിപ്പൽ ക്ഷമാപണം നടത്തി. വിദ്യാർഥികൾക്ക് പർദ ധരിക്കാമെന്നും ക്ലാസ് മുറികളിൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com