ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം; ഗുജറാത്ത് തീരത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു; കനത്ത മഴ; അതീവ ജാഗ്രത

ചുഴലിക്കാറ്റും മോശം കാലാവസ്ഥയും മൂലം നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു
മുംബൈ ബാന്ദ്ര ബീച്ചിൽ നിന്നുള്ള ദൃശ്യം/ പിടിഐ
മുംബൈ ബാന്ദ്ര ബീച്ചിൽ നിന്നുള്ള ദൃശ്യം/ പിടിഐ

അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം. ഭുജില്‍ മതില്‍ ഇടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ മരിച്ചു. നാലു വയസ്സുള്ള ആണ്‍കുട്ടിയും ആറു വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. രാജ്‌കോട്ടിലെ ജസ്ദാനില്‍ സ്‌കൂട്ടറിനു മുകളിലേക്ക് മരം കടപുഴകി വീണ് യുവതി മരിച്ചു. 

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. മുംബൈ ജുഹു ബീച്ചില്‍ 16 കാരനും മരിച്ചു. രണ്ടു കുട്ടികളെ കാണാതായി. 12 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ കടല്‍ക്കരയില്‍ കളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു കുട്ടികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 

കാണാതായവര്‍ക്കു വേണ്ടി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മുംബൈ, ഗുജറാത്ത് തീരങ്ങളില്‍ വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ജനങ്ങള്‍ കടല്‍ത്തീരത്ത് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. തീരത്തു നിന്ന് 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ ഒഴിയണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കച്ച്, ദ്വാരക മേഖലകളില്‍ നിന്നായി 12,000 ഓളം പേരെ ഒഴിപ്പിക്കും. 7500 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ സൂചിപ്പിച്ചു. 

ജൂണ്‍ 15 ന് വൈകീട്ടോടെ ഗുജറാത്തിലെ ജഖാവു തുറമുഖത്തിന് അടുത്ത് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. തീരത്തെത്തുമ്പോഴേക്കും കാറ്റ് ദുര്‍ബലമാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ആളുകള്‍ കടലില്‍ ഇറങ്ങുന്നത് തടയാനായി ഗുജറാത്തിലെ നവസാരിയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 12 ടീമുകള്‍ ഗുജറാത്തിലെത്തി. 

ദ്വാരകയില്‍ ഓയില്‍ ഡ്രില്ലിംഗ് ഷിപ്പില്‍ കുടുങ്ങിയ 50 പേരെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറില്‍ കരയിലെത്തിച്ചു. ധ്രൂവ് ഹെലികോപ്ടറിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും മൂലം ട്രെയിന്‍ ഗതാഗതവും താറുമാറായി. 150 ഓളം ട്രെയിന്‍ സര്‍വീസുകളാണ് താളംതെറ്റിയത്. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com