ടെലിഗ്രാമിലൂടെ വെബ് ലിങ്കുകള്‍ കൈമാറി, വാലറ്റില്‍ 'ലാഭമായി' 60 ലക്ഷം രൂപ; 53കാരന്റെ 1.27 കോടി രൂപ തട്ടിയെടുത്തു

സൈബര്‍ തട്ടിപ്പിലൂടെ 53കാരന്റെ 1.27 കോടി രൂപ തട്ടിയെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: സൈബര്‍ തട്ടിപ്പിലൂടെ 53കാരന്റെ 1.27 കോടി രൂപ തട്ടിയെടുത്തതായി പരാതി. പാര്‍ട് ടൈം ജോലി എന്ന പേരില്‍ തന്റെ ടെലിഗ്രാം അക്കൗണ്ടിലേക്ക് ഒരു സ്ത്രീ സന്ദേശം അയച്ചതാണ് തട്ടിപ്പിന്റെ തുടക്കമെന്ന് മുംബൈ സ്വദേശിയുടെ പരാതിയില്‍ പറയുന്നു. ടെലിഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്ക്കുന്ന സിനിമയുടെയും ഹോട്ടലുകളുടെയും ലിങ്കില്‍ കയറി റേറ്റിങ് നല്‍കിയാല്‍ പണം സമ്പാദിക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പുകാര്‍ തന്നെ സമീപിച്ചതെന്ന് 53കാരന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

തുടക്കത്തില്‍ ഇത്തരത്തില്‍ റേറ്റിങ് നല്‍കിയത് വഴി ഏഴായിരം രൂപ ലഭിച്ചു. ഇതോടെ തട്ടിപ്പ് സംഘത്തെ വിശ്വസിച്ച 53കാരന്റെ 1.27 കോടി രൂപ നഷ്ടപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തട്ടിപ്പ് സംഘത്തെ വിശ്വസിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ 53കാരന്‍ കൈമാറിയതോടെയാണ് പണം നഷ്ടമായത്. തുടക്കത്തില്‍ വരുമാനം എന്ന നിലയില്‍ ചെറിയ തുകകകള്‍ കൈമാറി വിശ്വാസം ആര്‍ജ്ജിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി എന്നും പൊലീസ് പറയുന്നു.

ആദ്യം 53കാരന് സ്ത്രീ വെബ് ലിങ്ക് അയച്ചു കൊടുത്തു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. ഇത് ഉപയോഗിച്ച് തട്ടിപ്പുകാര്‍ തയ്യാറാക്കിയ ഇ- വാലറ്റിന്റെ ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും നല്‍കി. ഇതിലേക്ക്  പതിനായിരം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പിന് തുടക്കമിട്ടതെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് ഹോട്ടല്‍ വ്യവസായവുമായി ബന്ധപ്പെട്ട ഒരു വെബ് സൈറ്റിന്റെ ഒരു ലിങ്കും അയച്ചു കൊടുത്തു. ഇതിന് റേറ്റിങ് നല്‍കിയതിന് പിന്നാലെ തനിക്ക് 17,372 രൂപ ലഭിച്ചതായി 53കാരന്‍ പരാതിയില്‍ പറയുന്നു.

റേറ്റിങും ലൈക്കും നടത്തി വരുമാനം കിട്ടിയതോടെ, തട്ടിപ്പ് സംഘത്തെ വിശ്വസിച്ച് പോയതായും 53കാരന്‍ പറയുന്നു. തുടര്‍ന്ന് സിനിമയ്ക്ക് റേറ്റിങ് നല്‍കാന്‍ ആവശ്യപ്പെട്ട് വീണ്ടും അവര്‍ സമീപിച്ചു. ഇത്തവണ 32,000 രൂപ നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടത്. പിന്നീട് അക്കൗണ്ടില്‍ നോക്കിയപ്പോള്‍ 55000 രൂപ ലഭിച്ചതായി കണ്ടെത്തി. കൂടുതല്‍ പണം സമ്പാദിക്കാനുള്ള ആഗ്രഹത്തില്‍ താന്‍ 50000 രൂപ അവര്‍ക്ക് അയച്ചു കൊടുത്തതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വീണ്ടും പണം നിക്ഷേപിക്കാന്‍ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. വീണ്ടും 55,000 രൂപ കൂടി നിക്ഷേപിച്ചു. ഇത്തരത്തില്‍ വിവിധ ലിങ്കുകള്‍ കാണിച്ച് വിശ്വസിപ്പിച്ച് വീണ്ടും 48 ലക്ഷം കൂടി തട്ടിയെടുത്തായി പരാതിയില്‍ പറയുന്നു.

എന്നാല്‍ തട്ടിപ്പ് സംഘം തന്റെ പേരില്‍ തയ്യാറാക്കിയ വാലറ്റില്‍ ലാഭം എന്ന നിലയില്‍ 60 ലക്ഷം രൂപ കാണിച്ച് വീണ്ടും വിശ്വാസത്തിലെടുക്കാനാണ് ശ്രമിച്ചത്. വാലറ്റില്‍ നിന്ന് അക്കൗണ്ടിലേക്ക് ലാഭം കൈമാറണമെങ്കില്‍ 30 ലക്ഷം രൂപ കൂടി അധികം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വിവിധ ഇടപാടുകളിലായി ഒരുകോടിയിലധികം രൂപ നഷ്ടപ്പെട്ടു എന്നാണ് 53കാരന്റെ പരാതിയില്‍ പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com