ഖുറാന്‍ ആയിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി?; ആദിപുരുഷ് ലജ്ജാകരമെന്ന് ഹൈക്കോടതി

പടു വിഡ്ഢിത്തം കാണിച്ചുവച്ചിട്ടും ഹിന്ദുക്കളുടെ സഹിഷ്ണുത ഒന്നുകൊണ്ടു മാത്രമാണ് കാര്യങ്ങള്‍ വഷളാവാതെ നിന്നത്
ആദിപുരുഷ് സിനിമ പോസ്റ്റർ/ ട്വിറ്റർ
ആദിപുരുഷ് സിനിമ പോസ്റ്റർ/ ട്വിറ്റർ

ലക്‌നൗ: രാമായണത്തിലെ കഥാപാത്രങ്ങളെ ലജ്ജാകരമായ രീതിയിലാണ് ആദിപുരുഷ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അലഹാബാദ് ഹൈക്കോടതി. ഖുറാനെയാണ് ഇത്തരത്തില്‍ ചിത്രീകരിച്ചിരുന്നതെങ്കില്‍ എന്തായിരിക്കും നാട്ടിലെ ക്രമസമാധാന നിലയെന്ന് ആലോചിക്കണമെന്ന് കോടതി പറഞ്ഞു. ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ രാജേഷ് സിങ് ചൗഹാന്‍, ശ്രീപ്രകാശ് സിങ് എന്നിവരുടെ നിരീക്ഷണം.

ഖുറാനെക്കുറിച്ച് ഒരു ചെറിയ ഡോക്യുമെന്ററിയെങ്കിലും നിര്‍മിച്ചാല്‍ എന്തായിരിക്കും നാട്ടിലെ സ്ഥിതിയെന്നു നിങ്ങള്‍ക്കറിയാമോ? പടു വിഡ്ഢിത്തം കാണിച്ചുവച്ചിട്ടും ഹിന്ദുക്കളുടെ സഹിഷ്ണുത ഒന്നുകൊണ്ടു മാത്രമാണ് കാര്യങ്ങള്‍ വഷളാവാതെ നിന്നത്. ഭഗവാന്‍ ശിവന്‍ ത്രിശൂലവുമെടുത്ത് ഓടുന്നത് ചിത്രത്തിലുണ്ട്, ഭഗവാന്‍ രാമനെയും രാമായണത്തിലെ മറ്റു കഥാപാത്രങ്ങളെയും അത്യന്തം ലജ്ജാകരമായ രീതിയില്‍ കാണിച്ചിരിക്കുന്നു. ഇത് അവസാനിപ്പിക്കേണ്ടതല്ലേ? - കോടതി ചോദിച്ചു.

മതപരമായ വിഷയങ്ങളെ അധികരിച്ച് സിനിമ നിര്‍മിക്കുന്നവര്‍ മതവികാരം വ്രണപ്പെടുത്താതെയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനു കൃത്യമായ മാനദണ്ഡങ്ങള്‍ വേണം. കോടതിക്കു പ്രത്യേക മത പരിഗണനയില്ല. ഖുറാനും ബൈബിളും പരിഗണനയ്ക്കു വന്നാലും കോടതി ഇതേ നിലാപാടായിരിക്കും സ്വീകരിക്കുകയെന്ന് ബെഞ്ച് പറഞ്ഞു.

ഭഗവാന്‍ രാമന്റെ ത്യാഗവും സഹോദരന്‍ ഭരതനോടുള്ള സ്‌നേഹവും കാണിക്കുന്ന സിനിമ നിര്‍മിക്കാത്തത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് സിങ് നിര്‍മാതാക്കളോടു ചോദിച്ചു. രാമന്റെയും രാമായണത്തിലെ മറ്റു കഥാപാത്രങ്ങളെയും വസ്ത്രധാരണം സംബന്ധിച്ച് ഒരു ഗ്രന്ഥത്തിലും വ്യക്തമായി പ്രതിപാദിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സുദീപ് സേത്ത് ചൂണ്ടിക്കാട്ടിയപ്പോള്‍, ഭരണഘടനയുടെ ഒറിജിനല്‍ കോപ്പി വായിച്ചിട്ടില്ലേയെന്ന് കോടതി ആരാഞ്ഞു. അതില്‍ അന്തസ്സുള്ള വേഷധാരണത്തോടെ രാമനെ ചിത്രീകരിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു. സ്വന്തം പ്രാര്‍ഥനാ മുറിയില്‍ അന്തസ്സില്ലാത്ത വേഷം ധരിച്ച ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ വയ്ക്കാറുണ്ടോയെന്ന് കോടതി ആരാഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com