മുഖ്യമന്ത്രി രാജ്ഭവനിലേക്ക്;  തടഞ്ഞ് ജനക്കൂട്ടം, കീറിയെറിഞ്ഞ രാജിക്കത്ത് പുറത്ത്; മണിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍

നൂറുകണക്കിന് സ്ത്രീകള്‍ തടിച്ചുകൂടുകയും രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തു
കീറിയെറിഞ്ഞ രാജിക്കത്ത്/ ട്വിറ്റര്‍
കീറിയെറിഞ്ഞ രാജിക്കത്ത്/ ട്വിറ്റര്‍

ഇംഫാല്‍: മണിപ്പുരില്‍ ഗവര്‍ണറെ കാണാന്‍ എത്തിയ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ തടഞ്ഞ് അനുയായികള്‍. രാജിക്കത്ത് വാങ്ങി പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു.  രാജിക്കത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രാജിസന്നദ്ധത അറിയിക്കാനാണ് ഗവര്‍ണറെ കാണുന്നതെന്നു വാര്‍ത്ത വന്നതോടെയാണ് അണികള്‍ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബിരേന്‍ സിങ്ങിനെ തടഞ്ഞത്. പ്രവര്‍ത്തകരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി മാറി ചിന്തിച്ചതെന്ന് മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു. സിങ്ങിന്റെ വസതിക്ക് സമീപം നൂറുകണക്കിന് സ്ത്രീകള്‍ തടിച്ചുകൂടുകയും രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തു. അതേസമയം, രാജിവയ്ക്കുന്നത് ഒഴിവാക്കാന്‍ ബിരേന്‍ സിങ്ങിന്റെ സമ്മര്‍ദ തന്ത്രമാണോ എന്നും സംശയമുണ്ട്.

ഇതിനിടെ, മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇംഫാലില്‍ നാളെ പുലര്‍ച്ചെ വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

എന്നാല്‍ ബിരേന്‍ സിങ്ങിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുക്കി വിഭാഗം. മെയ്‌തെയ് ഗോത്രത്തിലെ ഒരു വിഭാഗത്തിനും ബിരേന്‍ സിങ്ങിനോടു താല്‍പര്യമില്ല. മണിപ്പുരില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണു രാജിനീക്കം. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. 

ഇതിനിടെ, മണിപ്പുര്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൊയ്രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ ഇംഫാലില്‍നിന്ന് ഹെലികോപ്റ്ററിലാണ് മൊയ്രാങ്ങിലെത്തിയത്. നേരത്തെ റോഡ് മാര്‍ഗം പോകാനായിരുന്നു പദ്ധതിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് യാത്ര ഹെലികോപ്റ്ററിലാക്കി. തന്റേത് രാഷ്ട്രീയ യാത്രയല്ലെന്നും സമാധാനയാത്രയാണെന്നും രാഹുല്‍ പറഞ്ഞു. രാവിലെ മെയ്‌തെയ് ദുരിതാശ്വാസ ക്യാംപിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ആയിരക്കണക്കിന് സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം വന്‍ വരവേല്‍പ് നല്‍കി. 
 
മണിപ്പൂരിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.'ഞാന്‍ ഇവിടെ വന്നത്  രാഷ്ട്രീയ അഭിപ്രായ പ്രകടനത്തിനല്ല. എത്രയും വേഗം ഇവിടെ സമാധാനം തിരിച്ചുവരണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ അക്രമം മൂലം ദുരിതമനുഭവിക്കുന്നവരെ കണ്ടപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നു.  മണിപ്പൂരിന് ഇപ്പോള്‍ ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം സമാധാനമാണ്. ജനങ്ങളുടെ ജീവിതവും ഉപജീവനവും സുരക്ഷിതമാക്കാനുള്ള ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് ശ്രമിക്കണമെന്ന് രാഹുല്‍ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com