സിസോദിയ ജയിലില്‍; കൈവശം ഭഗവത് ഗീതയും മരുന്നുകളും, പുതിയ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് സിബിഐയോട് കോടതി

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മനീഷ് സിസോദിയ/എഎഫ്പി
മനീഷ് സിസോദിയ/എഎഫ്പി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. സിസോദിയയുടെ രണ്ടു ദിവസത്തെ സിബിഐ കസ്റ്റഡി ഇന്ന് അവസാനിച്ചു.

അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ കോടതി മാര്‍ച്ച് 10ന് വാദം കേള്‍ക്കും. കേസിന് മാധ്യമങ്ങള്‍ രാഷ്ട്രീയ നിറം നല്‍കുന്നുവെന്ന് കോടതിയില്‍ സിബിഐ ആരോപിച്ചു. സാക്ഷികള്‍ ഭയത്തിലാണെന്നും സിബിഐ വാദിച്ചു. എന്നാല്‍ മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കണ്ണടകളും, ഡയറിയും പേനയും ഭഗവത് ഗീതയുടെ ഒരു കോപ്പിയും മരുന്നുകളും കൈവശം സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന് സിസോദിയയുടെ അപേക്ഷ കോടതി അംഗീകരിച്ചു. മെഡിറ്റേഷന്‍ സെല്ലില്‍ കഴിയാന്‍ അനുവദിക്കണമെന്ന സിസോദിയയുടെ അഭ്യര്‍ഥന പരിഗണിക്കണമെന്ന് ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

തന്നോട് ഒരേ ചോദ്യങ്ങള്‍ തന്നെ വീണ്ടും ചോദിക്കുകയാണെന്നും അതു തനിക്കു മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സിസോദിയ ആരോപിച്ചു. 
ഒരു ചോദ്യം ആവര്‍ത്തിക്കരുതെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ട കോടതി, പുതിയ എന്തെങ്കിലും ഉണ്ടെങ്കില്‍ ചോദിക്കൂവെന്നും വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ സിസോദിയ നിസ്സഹകരിക്കുന്നതായി സിബിഐ വാദിച്ചു. ശനിയാഴ്ച സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി മൂന്നുദിവസം കൂടി നീട്ടണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കാണാനില്ലെന്നും അതു കണ്ടെടുക്കണമെന്നും സിബിഐ കോടതിയില്‍ ഉന്നയിച്ചിരുന്നു.

ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ, എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഡല്‍ഹിയിലാണ് സംഭവങ്ങളെന്ന കാരണത്താല്‍ നേരിട്ടു വരാനാകില്ലെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് ഹര്‍ജി തള്ളിയത്. തുടര്‍ന്ന് സിസോദിയ ഹര്‍ജി പിന്‍വലിക്കുകയും വിചാരണ കോടതിയെ സമീപിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com