ക്രിമിനല്‍ കേസില്‍ 15 വര്‍ഷമായി ഒളിവില്‍; 63കാരനെ 'ടാറ്റു' കുടുക്കി

15 വര്‍ഷം മുന്‍പ് ഒളിവില്‍ പോയ പ്രതിയെ 'ടാറ്റുവിന്റെ' സഹായത്തോടെ അതിവിദഗ്ധമായി പിടികൂടി പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: 15 വര്‍ഷം മുന്‍പ് ഒളിവില്‍ പോയ പ്രതിയെ 'ടാറ്റുവിന്റെ' സഹായത്തോടെ അതിവിദഗ്ധമായി പിടികൂടി പൊലീസ്. നിരോധിത മേഖലയില്‍ നിന്ന് ഇന്ധനം മോഷ്ടിച്ച കേസിലെ പ്രതിയായ 63കാരനെയാണ് സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പൊലീസ് പിടികൂടിയത്. കേസില്‍ ജാമ്യത്തിലായിരുന്ന പ്രതി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഒളിവില്‍ പോകുകയായിരുന്നു. അറസ്റ്റിന്റെ സമയത്ത് കൈയില്‍ കുത്തിയിരുന്ന ടാറ്റുവാണ് അടയാളമായി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

ബോംബെ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് ഇന്ധനം മോഷ്ടിച്ച കേസില്‍ 2008ലാണ് അര്‍മുഖം ദേവേന്ദ്ര ആദ്യം അറസ്റ്റിലായത്. കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജയില്‍ മോചിതനായി. അതിനിടെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന് പിന്നാലെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. വീട്ടില്‍ അടക്കം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അറസ്റ്റിന്റെ സമയത്ത് അടയാളമായി രേഖപ്പെടുത്തിയിരുന്ന, കൈയില്‍ കുത്തിയിരുന്ന ടാറ്റു പ്രതിയെ തിരിച്ചറിയാന്‍ പൊലീസിന് സഹായകമാകുകയായിരുന്നു.

ഇത്തരത്തില്‍ വിവിധ കേസുകളില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിന് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് അര്‍മുഖം ദേവേന്ദ്ര പിടിയിലായത്.  അന്വേഷണത്തിനിടെ ചിലര്‍ പറഞ്ഞത് അര്‍മുഖം മരിച്ചുപോയി എന്നാണ്. അര്‍മുഖം നാടായ തമിഴ്‌നാട്ടിലേക്ക് മടങ്ങിപ്പോയെന്നാണ് മറ്റു ചിലര്‍ പറഞ്ഞത്. അന്വേഷണത്തിനിടെ അര്‍മുഖത്തിന്റെ മകനെ കണ്ടെത്താന്‍ സാധിച്ചത് കേസില്‍ നിര്‍ണായകമായി.

അര്‍മുഖത്തിന്റെ മകന്റെ സെല്‍ഫോണിലേക്ക് വന്ന ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എവിടെയാണ് എന്ന് കണ്ടെത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് അര്‍മുഖം പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലായി. വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ നിന്ന് ജോലി ചെയ്യുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് വേഷംമാറിയെത്തി അര്‍മുഖത്തെ പിടികൂടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ആദ്യം താന്‍ അര്‍മുഖമാണ് എന്ന് സമ്മതിച്ചില്ലെങ്കിലും ടാറ്റുവിനെ അടിസ്ഥാനമാക്കി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com