പെണ്‍കുട്ടികളുടെ സുരക്ഷ രാജ്യത്തിന്റെ കടമയല്ലേ?; 'മെഡലുകള്‍ തിരികെ നല്‍കാനും തയ്യാര്‍'; പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് വനിതാ ഗുസ്തി താരങ്ങള്‍

ആരോപണ വിധേയനായ  ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വനിതാ കമ്മീഷന്‍ ചോദിച്ചു
വിനേഷ് ഫോഗട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നു/ പിടിഐ
വിനേഷ് ഫോഗട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നു/ പിടിഐ

ന്യൂഡല്‍ഹി: ജന്തര്‍ മന്തിറില്‍ സമരം നടത്തുന്ന തങ്ങളെ പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് വനിതാ ഗുസ്തി താരങ്ങള്‍ ആരോപിച്ചു. ഡല്‍ഹി പൊലീസ് പ്രകോപനപരമായാണ് പെരുമാറിയത്. തങ്ങളോട് അസഭ്യം പറഞ്ഞു.  പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നുവെന്നും താരങ്ങള്‍ പറഞ്ഞു. തങ്ങള്‍ക്കു നേരെ അതിക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. 

അക്രമവും സംഘര്‍ഷവുമുണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ കടമയല്ലേ?. അതില്‍ എവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നതെന്ന് താരങ്ങള്‍ ചോദിച്ചു. ഇത്തരത്തില്‍ മോശമായി പെരുമാറാന്‍ തങ്ങള്‍ ക്രിമിനലുകളൊന്നുമല്ല. നീതി ലഭിക്കാനായി മെഡല്‍ തിരിച്ചു നല്‍കാനും തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. 

പൊലീസ് നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ലഭിച്ച എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ പ്രതികരിച്ചു. പൊലീസ് ഞങ്ങള്‍ക്കെതിരെ ബലം പ്രയോഗിക്കുകയാണ്. വനിതാ താരങ്ങളെ അധിക്ഷേപിക്കുന്നു. എന്നാല്‍, അവര്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ബജ്റംഗ് പൂനിയ ആരോപിച്ചു.

അതിനിടെ വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മീഷന്‍, ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കമ്മീഷന്‍ ചോദിച്ചു. പോക്‌സോ കേസ് ചുമത്തിയിട്ടും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്നാണ് വനിതാ കമ്മീഷന്‍ ആരാഞ്ഞത്. 

ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന താരങ്ങളുടെ സമരപ്പന്തലില്‍ പൊലീസ് എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലീസും ​ഗുസ്തിതാരങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു. സമരവേദിയിലേക്ക് കിടക്കകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com