'പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചു, നേട്ടമുണ്ടാക്കാനായില്ല'; പരാജയം സമ്മതിച്ച് ബസവരാജ് ബൊമ്മെ

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തീവ്രമായി ശ്രമിച്ചിട്ടും മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് ബൊമ്മെ
മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അമിത് ഷാക്കൊപ്പം/ ഫയല്‍
മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അമിത് ഷാക്കൊപ്പം/ ഫയല്‍

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തീവ്രമായി ശ്രമിച്ചിട്ടും മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് ബൊമ്മെ മാധ്യമങ്ങളോടു പറഞ്ഞു. 

തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു വിശദമായ വിശകലനം നടത്തും. അതിലെ പാഠം ഉള്‍ക്കൊണ്ടു മുന്നോട്ടുപോവും. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കുമെന്ന് ബൊമ്മെ പറഞ്ഞു.

മോദി പ്രഭാവം ഏറ്റില്ല

മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു വിട്ട് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടിയാണ് കര്‍ണാടക തെരഞ്ഞെടുപ്പു ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ 71 സീറ്റിലെ ലീഡുമായി കിതയ്ക്കുകയാണ് ബിജെപി.

കേവല ഭൂരിപക്ഷം കടന്നു മുന്നേറുന്ന കോണ്‍ഗ്രസ് 124 സീറ്റുകളില്‍ മുന്നിലാണ്. ജനതാ ദള്‍ (എസ്) മുന്നേറ്റം 24 സീറ്റില്‍ ഒതുങ്ങി. കാലാവധി തീര്‍ന്ന നിയമസഭയില്‍ ബിജെപിക്ക് 120 സീറ്റാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 69ഉം ജെഡിഎസിന് 32ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.

വിജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെയും ബംഗളുരുവിലേയും ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. 120 നേടി പാര്‍ട്ടി സ്വന്ത നിലയ്ക്ക് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. കഴിഞ്ഞ 38 വര്‍ഷമായി കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും ഭരണം നിലനിര്‍ത്താനായിട്ടില്ല. ഈ പതിവ് കനത്ത പ്രചാരണത്തിലുടെ മറികടക്കാനായിരുന്നു ബിജെപി ശ്രമം.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍ ബിജെപിയേക്കാള്‍ ഇരട്ടി സീറ്റുകളില്‍ ലീഡ് നേടാന്‍ പാര്‍ട്ടിക്കായി. കോണ്‍ഗ്രസിന്റെ വോട്ടു ശതമാനത്തിലും നിര്‍ണായകമായ വര്‍ധനയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com