പണം നല്‍കിയില്ല; അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും അടിച്ചുകൊന്നു; മൃതദേഹം സാനിറ്റൈസര്‍ ഉപയോഗിച്ച് കത്തിച്ചു; 24 കാരന്‍ അറസ്റ്റില്‍

പണം നല്‍കാത്തതിനെ തുടര്‍ന്ന് 24കാരന്‍ മാതാപിതാക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


റായ്പൂര്‍: പണം നല്‍കാത്തതിനെ തുടര്‍ന്ന് 24കാരന്‍ മാതാപിതാക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചു. ഉദിത് ബോയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും പൊലിസ് പറഞ്ഞു. 

സിംഗോഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുട്ക ഗ്രാമത്തിലാണ് സംഭവം. മെയ് എട്ടിന് റായ്പൂരിലേക്ക് ആശുപത്രിയിലേക്ക് പോയ 53കാരനായ പ്രഭാത് ഭോയ്, അമ്മ ജര്‍ണ (47), മുത്തശ്ശി സുലോചന (75) എന്നിവരെ കാണാനില്ലെന്ന് പറഞ്ഞ് മെയ് 12ന് ഉദിത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

അന്വേഷണത്തിനിടെ, പരാതിക്ക് ശേഷം ഉദിത് വീട്ടില്‍ എയര്‍കണ്ടീഷണര്‍, കിടക്ക, അലമാര, വിലകൂടിയ മൊബൈല്‍ഫോണ്‍ തുടങ്ങിയ സാമഗ്രികള്‍ വാങ്ങിയതായി പൊലീസ് കണ്ടെത്തി. പ്രതിയുടെ പെരുമാറ്റത്തില്‍ ആദ്യം തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു. 

ഉദിതിന്റെ ഇളയസഹോദരനും റായ്പൂരിലെ എംബിബിഎസ് വിദ്യാര്‍ഥിയുമായ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ പച്ചക്കറിത്തോട്ടത്തില്‍ ചാരവും അസ്ഥിക്കൂടവും ഭിത്തിയില്‍ രക്തക്കറയും കണ്ടെത്തി. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ലഹരിയും മറ്റും ഉപയോഗിക്കുന്നതിനെ ചൊല്ലി രക്ഷിതാക്കള്‍ പതിവായി ശകാരിച്ചിരുന്നതായും പ്രതി പറഞ്ഞു. മെയ് ഏഴിന് പണത്തെ ചൊല്ലി അച്ഛനുമായി വഴക്കിട്ട യുവാവ് എട്ടിന് പുലര്‍ച്ചെ മാതാപിതാക്കളെയും മുത്തശ്ശിയെയും ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരക്കമ്പുകളും സാനിറ്റൈസറും ഉപയോഗിച്ച് മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞു. വിവരം പുറത്തറിയാതിരിക്കാനായി അച്ഛന്റെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് മെസേജ് അയക്കുകയും ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com