എംപിമാര്‍ക്ക് ക്ഷണക്കത്ത്; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടകന്‍ മോദി തന്നെ

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ നരേന്ദ്ര മോദിതന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പുതിയ ചിത്രം
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പുതിയ ചിത്രം

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ നരേന്ദ്ര മോദിതന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്. മെയ് 28ന് സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു.

ഉദ്ഘാടനച്ചടങ്ങിലേക്ക് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമേ മറ്റു പ്രമുഖര്‍ക്കും ക്ഷണമുണ്ട്. ലോക്സഭാ ജനറല്‍ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങ് ആണ് ക്ഷണക്കത്തയച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതലായിരിക്കും ഉദ്ഘാടന പരിപാടികള്‍. 

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരേ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നിരുന്നു. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നതടമടക്കമുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷത്തുനിന്നുണ്ടായി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയോ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെയോ ക്ഷണിക്കാതെയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ നരേന്ദ്ര മോദി തീരുമാനിച്ചതെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഇതുവഴി ഉന്നത ഭരണഘടനാ പദവികളെ കേന്ദ്രം അവഗണിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

രാഷ്ട്രപതിയെ അവഗണിച്ചെന്നാരോപിച്ച് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സിപിഐയും തൃണമൂല്‍ കോണ്‍ഗ്രസും പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഡി സവര്‍ക്കറുടെ ജന്‍മദിനത്തില്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും പാര്‍ട്ടി എംപിമാര്‍ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'എല്ലാം ഞാന്‍ മാത്രം' എന്ന മനോഭാവം അംഗീകരിക്കാന്‍ കഴിയില്ലെന്ന് തൃണമൂല്‍ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com