'റിമോട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സനാതന ധര്‍മത്തെ കളിയാക്കും'; ഖാര്‍ഗെയ്‌ക്കെതിരെ മോദി

പാവപ്പെട്ടവരുടെ പണം തട്ടിയെടുക്കുന്നതും അഴിമതികളില്‍ ഏര്‍പ്പെടുന്നതും കസേരയ്ക്കായി സമൂഹത്തെ ഭിന്നിപ്പിക്കുന്നതും കോണ്‍ഗ്രസാണ്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നരേന്ദ്ര മോദി/ ഫോട്ടോ: പിടിഐ
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നരേന്ദ്ര മോദി/ ഫോട്ടോ: പിടിഐ

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ റിമോട്ട് കണ്‍ട്രോള്‍ മാത്രമാണെന്നും റിമോട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സനാതന ധര്‍മത്തിനെതിരെ  സംസാരിക്കുമെന്നും ദാമോയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. 

പാവപ്പെട്ടവരുടെ പണം തട്ടിയെടുക്കുന്നതും അഴിമതികളില്‍ ഏര്‍പ്പെടുന്നതും കസേരയ്ക്കായി സമൂഹത്തെ ഭിന്നിപ്പിക്കുന്നതും കോണ്‍ഗ്രസാണ്.  ഒരു സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനം കോണ്‍ഗ്രസിന് പ്രധാനമല്ല. കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയന്ത്രിക്കുന്നത് റിമോട്ട് ആണ്. അദ്ദേഹത്തിന് കാര്യമായൊന്നും ചെയ്യാനില്ല.  റിമോട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സനാതന ധര്‍മത്തെ കളിയാക്കുന്നു. ഇന്നലെ റിമോട്ട് പ്രവര്‍ത്തിക്കാത്തപ്പോള്‍ പാണ്ഡവരെക്കുറിച്ച് പറഞ്ഞു. പാണ്ഡവര്‍ പടുത്തുയര്‍ത്തിയ പാതയിലൂടെ ബിജെപി  സഞ്ചരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), ആദായനികുതി (ഐടി), പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ ബിജെപിയുടെ പഞ്ച പാണ്ഡവരെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിശേഷിപ്പിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ തത്തിപ്പൂരില്‍ നടന്ന പ്രചാരണ യോഗത്തിലാണ് പാണ്ഡവരുമായി സാദൃശ്യപ്പെടുത്തി ഖാര്‍ഗെ പ്രസംഗിച്ചത്. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥ പാണ്ഡവരല്ലെന്നും പരാജയപ്പെടേണ്ടവരാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് അധികാരം ലഭിച്ചുവെന്നും എന്നാല്‍ അവരുടെ മുഖ്യമന്ത്രിമാര്‍ കള്ളപ്പണം സമ്പാദിക്കുന്നതില്‍ പങ്കാളികളാണെന്നും കോണ്‍ഗ്രസിനെതിരായ ആക്രമണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഛത്തീസ്ഗഡില്‍ വാതുവെപ്പ് നടക്കുന്നുണ്ട്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മകള്‍ മാത്രമേയുള്ളൂ.  കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി.  2018 ല്‍ അവര്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തു,  കര്‍ഷകര്‍ 15 മാസത്തോളം കാത്തിരുന്നതല്ലാതെ ഒന്നും ചെയ്തില്ലെന്നും മോദി പറഞ്ഞു. 

2014ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ അഴിമതി യന്ത്രത്തിന്റെ ടയറുകള്‍ താന്‍ പഞ്ചര്‍ ആക്കിയെന്ന്‌ മോദി പറഞ്ഞു. ഭൂമി മുതല്‍ ബഹിരാകാശം വരെ എല്ലായിടത്തും ഇന്ത്യയെ പ്രശംസിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നവംബര്‍ 17 ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്.  വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് നടക്കും. 230 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com