ദേശീയ പാതയോരത്ത് മൂത്രം ഒഴിക്കുമ്പോള്‍ ടാങ്കര്‍ ലോറി പാഞ്ഞുകയറി; വലതു കാല്‍ നഷ്ടപ്പെട്ട 53കാരന് രണ്ടുകോടി രൂപ നഷ്ടപരിഹാരം 

ദേശീയ പാതയില്‍ വാഹനാപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട 53കാരന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ദേശീയ പാതയില്‍ വാഹനാപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട 53കാരന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ദേശീയപാതയോരത്ത് മൂത്രം ഒഴിക്കുന്നതിനിടെ ടാങ്കര്‍ ലോറി ഇടിച്ചാണ് 53കാരന്‍ പരിക്ക് പറ്റിയത്. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലാണ് എഫ്എംസിജി കമ്പനിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായി ജോലി ചെയ്തിരുന്ന 53കാരന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

2016ല്‍ നടന്ന അപകടത്തിലാണ് മുംബൈ സ്വദേശിയായ 53കാരന് വലതുകാല്‍ നഷ്ടമായത്. കൂട്ടുകാരനൊപ്പം മധ്യപ്രദേശിലെ ദാതിയയിലേക്ക് പോകുമ്പോള്‍ മൂത്രം ഒഴിക്കാന്‍ വാഹനം നിര്‍ത്തുകയായിരുന്നു. ദേശീയപാതയോരത്തുള്ള ധാബയ്ക്ക് സമീപം മൂത്രം ഒഴിക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇടിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വലതു മുട്ടിന് താഴെ മുറിച്ചുമാറ്റുകയായിരുന്നു. പൊലീസ് രേഖകള്‍ അടക്കമുള്ള തെളിവുകള്‍ അംഗീകരിച്ച് കൊണ്ടാണ് നഷ്ടപരിഹാരത്തിന് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.

2017ലാണ് ലോറി ഉടമയായ രാകേഷ് ശര്‍മ്മയ്ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെ 53കാരന്‍ ട്രിബ്യൂണലിനെ സമീപിച്ചത്. 
അപകടത്തെ തുടര്‍ന്ന് സമ്പാദിക്കാനുള്ള ശേഷി പരിമിതപ്പെട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ട്രിബ്യൂണലിന്റെ വിധി. 'ഹര്‍ജിക്കാരന്റെ തൊഴിലിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ... അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ ..., അദ്ദേഹത്തിന് വരുമാന ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യാഖ്യാനിക്കാനാവില്ല'-  ട്രിബ്യൂണല്‍ പറഞ്ഞു.

'അദ്ദേഹത്തിന്റെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം നേരിട്ടു. എങ്കിലും തൊഴിലുടമ അദ്ദേഹത്തെ ജോലിയില്‍ തുടരാന്‍ അനുവദിച്ചത് ഭാഗ്യമാണ്. എങ്കിലും മുന്‍പത്തെ പോലെ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിന് പരിമിതികള്‍ ഉണ്ട്. കൂടാതെ ഒരു കാല്‍ നഷ്ടപ്പെട്ടതിനാല്‍ മറ്റൊരാളുടെ സഹായവും അദ്ദേഹത്തിന് ആവശ്യമാണ്. ഇതെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്.'- നഷ്ടപരിഹാരം വിധിച്ചുകൊണ്ട് ട്രിബ്യൂണല്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com