സിക്കിം മിന്നല്‍ പ്രളയം; മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി; 27 പേര്‍ക്കായി തിരച്ചില്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ടീസ്ത ബാരേജിന് പുറത്തുവച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന ദേശീയപാത/ പിടിഐ
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന ദേശീയപാത/ പിടിഐ

ഗാങ്‌ടോക്ക്: സിക്കിമിലെ മേഘ വിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മൂന്ന് മരണം. കാണാതായവരില്‍  മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സിക്കിം  ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടീസ്ത ബാരേജിന് പുറത്തുവച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അതേസമയം, മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.  ബംഗാള്‍, സിക്കിം സര്‍ക്കാര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ടീസ്ത നദിയില്‍ 20 അടിയലധികം ഉയരത്തില്‍ വെളളം പൊങ്ങിയതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായി തുടരുകയാണ്. തിരച്ചിലുകള്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഒക്ടോബര്‍ എട്ടുവരെ അടച്ചിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

മിന്നല്‍ പ്രളയത്തില്‍ സൈനികരടക്കം 30 പേരെയാണ് കാണാതായത്. സൈനിക ക്യാമ്പും വാഹനങ്ങളും പ്രളയത്തില്‍ മുങ്ങി. രണ്ട് ദിവസമായി പെയ്‌തെ മഴക്കൊപ്പം ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനമാണ് വടക്കന്‍ സിക്കിമില്‍ ലാചെന്‍ താഴ്വരയില്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കിയത്. 

ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയര്‍ന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി. 23 സൈനികരെ കാണാതായതായും ചില വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായും കരസേന അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളായ സാങ്കലാങ്, ബ്രിങ്‌ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളില്‍ തകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നിരവധി പാലങ്ങളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നദി തീരത്തുനിന്ന് ആളുകള്‍ മാറണമെന്ന് സിക്കിം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com