ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍; ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ഡല്‍ഹി ഹൈക്കോടതി

2008 ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി
ആരിസ് ഖാനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നു/ഫയല്‍
ആരിസ് ഖാനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നു/ഫയല്‍

ന്യൂഡല്‍ഹി: 2008 ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി. 2008 സെപ്റ്റംബര്‍ 19നു നടന്ന ഏറ്റുമുട്ടലില്‍ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ എംസി ശര്‍മയും ഭീകരരെന്ന് സംശയിക്കുന്ന ആതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നിവരുമാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഒളിവില്‍ പോയ ആരിസിനെ 2018 ല്‍ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ പിടികൂടി. 

ശര്‍മ്മയുടെ കൊലപാതകയുമായി ബന്ധപ്പെട്ട കേസിലാണ് 2021ല്‍ ഡല്‍ഹി സാകേത് ഹൗസ് കോടതി ആരിസ് ഖാന് വധശിക്ഷ വിധിച്ചത്. ഖാനും കൂട്ടാളികളും ചേര്‍ന്ന് ബോധപൂര്‍വ്വമാണ് തോക്ക് ഉപയോഗിച്ച് ശര്‍മയെ കൊലപ്പെടുത്തിയതെന്ന് തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് സാകേത് ഹൗസ് കോടതി വ്യക്തമാക്കിയിരുന്നു. 

ഇത് ചോദ്യം ചെയ്താണ് ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അമിത് ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

യുപിയിലെ അസംഗഡ് സ്വദേശിയായ ആരിസ് ഏറ്റുമുട്ടലിനുശേഷം നേപ്പാളിലാണ് ഒളിവില്‍ താമസിച്ചത്. വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് പോയി. 2017 ലാണ് തിരിച്ചെത്തിയത്. കേസില്‍ 2010 ഏപ്രില്‍ 28ന് ഷെഹ്‌സാദ് അഹമ്മദ്, ആരിസ്, ആതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ആതിഫ്, സാജിദ് എന്നിവര്‍ കൊല്ലപ്പെട്ടതിനാല്‍ ഷെഹ്‌സാദ് മാത്രമാണ് വിചാരണ നേരിട്ടത്. ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

ഡല്‍ഹിയിലെ അഞ്ചിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ പങ്കുള്ളവര്‍ ബട്‌ല ഹൗസിലെ ഫ്‌ലാറ്റില്‍ താമസിക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തിന് നേരെ സംഘം നിറയൊഴിക്കുകയായിരുന്നു. തിരികെ പൊലീസ് നടത്തിയ വെടിവയ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടു. പൊലീസിനു നേരെ നിറയൊഴിച്ച ശേഷം ഷെഹ്‌സാദും ആരിസും കടന്നുകളഞ്ഞെന്നാണ് കേസ്. പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ ശര്‍മ പിന്നീടു മരണത്തിന് കീഴടങ്ങി. ഏറ്റുമുട്ടല്‍ വ്യാജമെന്ന് ആരോപണം ഉയര്‍ന്നെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് പൊലീസിന് അനുകൂലമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com