ജസ്റ്റിസ് മുരളീധരന്റെ അപേക്ഷ തള്ളി; മണിപ്പൂര്‍ സംവരണക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ കൊല്‍ക്കത്തയിലേക്ക് മാറ്റി

മണിപ്പൂര്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കാണ് മാറ്റിയത്
ജസ്റ്റിസ് മുരളീധരൻ, സുപ്രീംകോടതി/ ഫയൽ
ജസ്റ്റിസ് മുരളീധരൻ, സുപ്രീംകോടതി/ ഫയൽ

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംവരണക്കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിയെ മാറ്റി. മണിപ്പൂര്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. സ്ഥലംമാറ്റത്തിനെതിരെ ജസ്റ്റിസ് മുരളീധരന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി കൊളീജിയം തള്ളി. 

ഈ മാസം ഒമ്പതിനാണ് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് മുരളീധരനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്നെ പഴയ ജോലിസ്ഥലമായ മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും, അല്ലെങ്കില്‍ മണിപ്പൂരില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് ജസ്റ്റിസ് മുരളീധരന്‍ കൊളീജിയത്തോട് ആവശ്യപ്പെട്ടത്. 

ജസ്റ്റിസ് മുരളീധരന്റെ അപേക്ഷ പരിഗണിച്ചുവെന്നും, അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്നും അതിനാല്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള മുന്‍തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സുപ്രീംകോടതി കൊളീജിയം ഇന്നലെ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. 

സംവരണക്കേസില്‍, മെയ്തി വിഭാഗത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് എംവി മുരളീധരനാണ്. ഏപ്രില്‍ മാസത്തിലായിരുന്നു സുപ്രധാന വിധി പുറപ്പെടുവിച്ചത്. മെയ്തി സമുദായത്തിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു വിധി. ഇതിനു പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ സംഘര്‍ഷം ഉണ്ടാകുന്നത്. ജസ്റ്റിസ് മുരളീധരന്‍ അടക്കം ഏഴു ഹൈക്കോടതികളിലെ 16 ജഡ്ജിമാരെയാണ് കൊളീജിയം സ്ഥലംമാറ്റിയത്. 

ജസ്റ്റിസ് പി വി സഞ്ജയ്കുമാര്‍ 2023 ഫെബ്രുവരിയില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായതിനെത്തുടര്‍ന്ന് മണിപ്പൂര്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഇല്ല. ജസ്റ്റിസ് മുരളീധരന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുലിനെ മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി കഴിഞ്ഞ ജൂലൈയില്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com