'മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സ്‌നേഹമുള്ള വീടുകള്‍ നഷ്ടപ്പെടുകയാണ്', ദത്തെടുക്കുന്നതിലെ കാലതാമസം ആശങ്കയുണ്ടാക്കുന്നു-സുപ്രീംകോടതി

ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. 
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്ത് ദത്തെടുക്കല്‍ പ്രക്രിയയിലുണ്ടാകുന്ന കാലതാമസം കുട്ടികളിലും മാതാപിതാക്കളിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. 

മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സ്‌നേഹമുള്ള വീടുകള്‍ നഷ്ടപ്പെടുകയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നിരീക്ഷണം.  അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ഹര്‍ജിയില്‍ പ്രതികരണം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം അഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് ബെഞ്ചിന്റെ നിരീക്ഷണം. 

ദമ്പതികള്‍ മൂന്നും നാലും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. 26ാം വയസില്‍ ദമ്പതികള്‍ ദത്തെടുക്കാന്‍ തീരുമാനിച്ചാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും 30, 31 വയസാകും. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മേലുള്ള ബ്യൂറോക്രാറ്റിക് കാലതാമസത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു. 40 വയസിലാണ് ഒരാള്‍ തീരുമാനമെടുക്കുന്നതെങ്കില്‍ കാലതാമസം മൂലം വൈകിയെന്ന തോന്നലുണ്ടാക്കിയേക്കാമെന്നും കോടതി പറഞ്ഞു. 

അതേസമയം, ദത്തെടുക്കാന്‍ ലഭ്യമായ കുട്ടികളെ തിരിച്ചറിയുന്നതില്‍ പ്രശ്നങ്ങളുണ്ടെന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണം. രാജ്യത്ത് 3.1 കോടി കുട്ടികള്‍ ദത്തെടുക്കാന്‍ കാത്തിരിക്കുന്നുണ്ടെന്നും ഇത് തന്റെ കണക്കുകളല്ല, രാജ്യസഭയുടെ പാര്‍ലമെന്ററി കമ്മിറ്റിയുടേതാണെന്നും ഹര്‍ജിക്കാരനായ ഡോ. പീയൂഷ് സക്‌സേന കോടതിയില്‍ വ്യക്തമാക്കി. മുന്‍വിധികൡാതെ തന്നെ ഇത്തരം പ്രക്രിയകള്‍ സുഗമമാക്കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. അടുത്തയാഴ്ച വിഷയം വീണ്ടും പരിഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com