ആത്മഹത്യ ചെയ്ത അഗ്നിവീറിന് സൈനിക ബഹുമതിയില്ല, വിവാദം; വിശദീകരണവുമായി സൈന്യം

ജീവനൊടുക്കിയ അഗ്നിവീര്‍ സൈനികന്‍ അമൃത്പാല്‍ സിങിന് സൈനിക ബഹുമതികള്‍ നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സൈന്യം
അമൃത്പാല്‍ സിങ്
അമൃത്പാല്‍ സിങ്

ന്യൂഡല്‍ഹി: ജീവനൊടുക്കിയ അഗ്നിവീര്‍ സൈനികന്‍ അമൃത്പാല്‍ സിങിന് സൈനിക ബഹുമതികള്‍ നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സൈന്യം. അമൃത്പാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ഇത്തരം മരണങ്ങള്‍ക്ക് സൈനിക ബഹുമതികള്‍ നല്‍കുന്ന പതിവില്ലെന്നും സൈന്യം വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേരുന്നവരേയും മറ്റു സൈനികരേയും വേര്‍തിരിച്ചു കാണുന്നില്ലെന്നും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്പ്  വ്യക്തമാക്കി. അമൃത്പാല്‍ സിങ് അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേര്‍ന്നതിനാല്‍, അദ്ദേഹത്തിന് സൈനിക ബഹുമതികള്‍ നല്‍കിയില്ലെന്ന് എഎപി വിമര്‍ശനം ഉന്നയിച്ചിരുന്നു. 

'രജൗരി സെക്ടറില്‍ സെന്‍ട്രി ഡ്യൂട്ടിക്കിടെയാണ് അമൃത്പാല്‍ സ്വയം വെടിവെച്ച് മരിച്ചത്. സിങിന്റെ നിര്‍ഭാഗ്യകരമായ മരണവുമായി ബന്ധപ്പെട്ട വസ്തുതകളെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. സെന്‍ട്രി ഡ്യൂട്ടിക്കിടെ അഗ്‌നിവീര്‍ അമൃതപാല്‍ സിംഗ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത് കുടുംബത്തിനും ഇന്ത്യന്‍ സൈന്യത്തിനും കനത്ത നഷ്ടമാണ്. നിലവിലുള്ള സമ്പ്രദായത്തിന് അനുസൃതമായി, മൃതശരീരം, മെഡിക്കല്‍- ലീഗല്‍ നടപടികള്‍ക്ക് ശേഷം, ഒരു അകമ്പടി സംഘത്തോടൊപ്പം അന്ത്യകര്‍മങ്ങള്‍ക്കായി നാട്ടിലേക്ക് കൊണ്ടുപോയി. സായുധ സേനയുടെ 1967 ഓര്‍ഡര്‍ പ്രകാരം ആത്മഹത്യ ചെയ്യുന്നവര്‍ക്കും സ്വയം വരുത്തിവയ്ക്കുന്ന മുറിവുകള്‍ കാരണം മരിക്കുന്നവര്‍ക്കും സൈന്യം ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കാറില്ല.'- സൈന്യം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

2001 മുല്‍ 100നും 140നും ഇടയില്‍ സൈനികര്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുകയോ സ്വയം വരുത്തിവച്ച മുറിവുകള്‍ കാരണം മരിക്കുകയോ ചെയ്യുന്നാതായും സൈന്യം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം മരണങ്ങള്‍ക്ക്, എത്രയും വേഗം സാമ്പത്തിക സഹായം അനുവദിക്കാറുണ്ടെന്നും സായുധ സേനകള്‍ നയങ്ങളും പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കുന്നവരാണ്, ഇനിയും അതു തുടരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com