മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ വിദേശ ശക്തികള്‍; സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ രാജ്യത്തെ തകര്‍ക്കുന്നു: മോഹന്‍ ഭാഗവത്

മണിപ്പൂര്‍ കലാപം ആസൂത്രണം ചെയ്തത് അതിര്‍ത്തിക്ക് പുറത്തുനിന്നുള്ള ശക്തികളാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
ചിത്രം: പിടിഐ
ചിത്രം: പിടിഐ


നാഗ്പ്പൂര്‍: മണിപ്പൂര്‍ കലാപം ആസൂത്രണം ചെയ്തത് അതിര്‍ത്തിക്ക് പുറത്തുനിന്നുള്ള ശക്തികളാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മെയ്തികളും കുക്കികളും അവിടെ വളരെക്കാലമായി ഒരുമിച്ച് താമസിക്കുന്നവരാണ്. അതൊരു അതിര്‍ത്തി സംസ്ഥാനമാണ്. ഇത്തരം വിഘടനവാദവും ആഭ്യന്തര സംഘര്‍ഷവും ആര്‍ക്കാണ് പ്രയോജനം ചെയ്യുന്നത്? ബാഹ്യശക്തികള്‍ക്കും പ്രയോജനം ലഭിക്കും. എവിടെയെല്ലാം പുറത്തുനിന്നുള്ള ആളുകള്‍ ഇടപെട്ടിട്ടുണ്ടോ, അവിടെയെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്'-മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ദസ്സറ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്നുദിവസം മണിപ്പൂരില്‍ തങ്ങി. ആരാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്? കലാപം താനേ സംഭവിച്ചതല്ല. അത് ഉണ്ടാക്കിയതാണ്. മണിപ്പൂരിലെ അശാന്തിയും അസ്ഥിരതയും മുതലെടുക്കാന്‍ ഏത് വിദേശ ശക്തികളാണ് താല്‍പ്പര്യപ്പെടുന്നത്? തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഭൗമരാഷ്ട്രീയത്തിന്  ഈ സംഭവങ്ങളില്‍ എന്തെങ്കിലും പങ്കുണ്ടോ? സമാധാനം പുനഃസ്ഥാപിക്കുമ്പോള്‍, ചില സംഭവങ്ങള്‍ നടക്കുന്നു. അത് സമുദായങ്ങള്‍ തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്തവരുടെ പിന്നില്‍ ആരാണ്? ആരാണ് അക്രമത്തിന് പ്രേരിപ്പിക്കുന്നത്?-അദ്ദേഹം ചോദിച്ചു. 

സാസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ മാധ്യമങ്ങളും അക്കാദമി മേഖലകളും ഉപയോഗിച്ച് രാജ്യത്തിന്റെ പാരമ്പര്യത്തെയും വിദ്യാഭ്യാസ മേഖലയേയും തകര്‍ക്കുകയാണ് എന്നും ആര്‍എസ്എസ് മേധാവി ആരോപിച്ചു. അവര്‍ രാജ്യത്ത് അരജാകത്വം വളര്‍ത്താന്‍ ശ്രമിക്കുകയാണ്.  സാമൂഹിക ക്രമവും ധാര്‍മ്മികതയും അന്തസ്സും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തും. ഈ ദിനത്തില്‍ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ആഘോഷ പരിപാടികള്‍ നടത്തണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com