പ്രചരിപ്പിക്കുന്നത് നട്ടാല്‍ കുരുക്കാത്ത നുണകള്‍; പ്രധാനമന്ത്രി പറഞ്ഞത് ബോധപൂര്‍വമാണോ?: സ്റ്റാലിന്‍

സനാതനത്തില്‍ പിന്തുടര്‍ന്നുവരുന്ന ചില മനുഷ്യ വിരുദ്ധമായ കാര്യങ്ങള്‍ക്കെതിരെയാണ് ഉദയനിധി സംസാരിച്ചത്
എം കെ സ്റ്റാലിന്‍/ ഫയല്‍
എം കെ സ്റ്റാലിന്‍/ ഫയല്‍

ചെന്നൈ: സനാതന ധര്‍മത്തിലെ മനുഷ്യ വിരുദ്ധമായ കാര്യങ്ങള്‍ക്കെതിരെയാണ് ഉദയനിധി സ്റ്റാലിന്‍ സംസാരിച്ചതെന്ന് പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍. ഏതെങ്കിലും മതത്തിന് എതിരെയല്ല ഉദയനിധി പറഞ്ഞതെന്നും അങ്ങനെയെന്നു വരുത്തിത്തീര്‍ക്കാനുള്ള ബിജെപി ശ്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാഗഭാക്കായെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

സനാതനത്തില്‍ പിന്തുടര്‍ന്നുവരുന്ന ചില മനുഷ്യ വിരുദ്ധമായ കാര്യങ്ങള്‍ക്കെതിരെയാണ് ഉദയനിധി സംസാരിച്ചത്. പട്ടികജാതിക്കാരെയും ഗോത്രവിഭാഗങ്ങളെയും സ്ത്രീകളെയും മാറ്റുനിര്‍ത്തുന്ന സനാതന തത്വങ്ങള്‍ക്കെതിരെയായിരുന്നു ഉദയനിധിയുടെ പ്രസംഗം. അത് ഏതെങ്കിലും മതത്തിന് എതിരെയല്ല- സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഉദയനിധി പറഞ്ഞതെന്ന പേരില്‍ നട്ടാല്‍ കുരുക്കാത്ത നുണകളാണ് ബിജെപി നട്ടുവളര്‍ത്തുന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കുന്നത്. സനാതനികളെ കൂട്ടക്കൊല നടത്തണം എന്നൊക്കെയാണ് പ്രചാരണം. അങ്ങനെയൊരു വാക്കു പോലും ഉദയനിധി ഉപയോഗിച്ചിട്ടില്ല- സ്റ്റാലിന്‍ പറഞ്ഞു.

ഇതേ നുണകള്‍ പങ്കുവച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിങ്ങും ഉദയനിധിയെ അപലപിച്ചത്. ഉദയനിധി ഇത് നിഷേധിച്ചിട്ടും തിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ തയാറായിട്ടില്ല. ഇപ്പോള്‍ പ്രധാനമന്ത്രിയും ഉദയനിധിക്കെതിരെ രംഗത്തുവന്നതായാണ് വാര്‍ത്തകളില്‍നിന്നും അറിയുന്നത്. ഏതു കാര്യവും സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം പ്രധാനമന്ത്രിക്കുണ്ട്. പ്രചരിക്കുന്നത് നുണകള്‍ എന്നറിയാതെയാണോ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞത്? അതോ ബോധപൂര്‍വമായ ഇടപെടലാണോയെന്ന് സ്റ്റാലിന്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com