ഫ്‌ലാറ്റിന് പണം നല്‍കാന്‍ പൈസയില്ല, 35 ലക്ഷം രൂപയുടെ മോഷണക്കഥയുമായി യുവാവ്; രണ്ടുമണിക്കൂറിനകം പൊളിച്ചടുക്കി പൊലീസ്

വാങ്ങിയ ഫ്‌ലാറ്റിന്റെ പണം നല്‍കാന്‍ തുക കണ്ടെത്താന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വ്യാജ മോഷണ പരാതിയുമായി 32കാരന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: വാങ്ങിയ ഫ്‌ലാറ്റിന്റെ പണം നല്‍കാന്‍ തുക കണ്ടെത്താന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വ്യാജ മോഷണ പരാതിയുമായി 32കാരന്‍. തന്റെ കൈവശം ഉണ്ടായിരുന്ന 35 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു വ്യാജ പരാതി. അന്വേഷണത്തില്‍ രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ യുവാവ് പറഞ്ഞത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഫ്‌ലാറ്റ് വാങ്ങിയതിന് പണം നല്‍കാന്‍ കുറച്ചുദിവസം കൂടി സാവകാശം ലഭിക്കുന്നതിന് വേണ്ടിയാണ് കള്ളക്കഥ മെനഞ്ഞതെന്ന് യുവാവ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

മുംബൈ മാട്ടുംഗയിലാണ് സംഭവം. ഡ്രൈവര്‍ ആയി വേഷമിട്ട മറ്റൊരാളുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. കിഴക്കന്‍ അന്ധേരിയില്‍ താമസിക്കുന്ന അജിത് പട്ടേലാണ് വ്യാജ പരാതി നല്‍കിയത്. രണ്ടു അജ്ഞാതര്‍  ചേര്‍ന്ന് തന്റെ 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു പരാതി. ഇരുചക്രവാഹനത്തില്‍ വന്നവര്‍ തന്റെ കൈവശം ഉണ്ടായിരുന്ന പണം അടങ്ങിയ ബാഗ് തട്ടിയെടുത്തെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. പണം തട്ടിയെടുത്ത ശേഷം അജ്ഞാതര്‍ കടന്നുകളഞ്ഞതായും യുവാവ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് എത്തി പൊലീസ് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി അടക്കം പരിശോധിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അജിത് പട്ടേല്‍ പറയുന്നത് കള്ളമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

അതിനിടെ, അജിത് പട്ടേലിനും ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്തു. ഇരുവരുടെയും മൊഴിയിലെ പൊരുത്തക്കേടുകളും പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അജിത് പട്ടേല്‍ സത്യം പറഞ്ഞത്. വാങ്ങിയ ഫ്‌ലാറ്റിന് 35 ലക്ഷം രൂപ കൊടുക്കാന്‍ പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കള്ളക്കഥ മെനഞ്ഞതെന്ന് അജിത് പട്ടേല്‍ പറഞ്ഞതായും പൊലീസ് പറയുന്നു. പണം കൊടുക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്ന് കരുതിയാണ് വ്യാജ പരാതി നല്‍കിയതെന്നും അജിത് പട്ടേല്‍ മൊഴി നല്‍കി. വ്യാജ പരാതി നല്‍കിയതിന് പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com