'സുര്‍ജിത് രാഷ്ട്രീയ നേതാവ്; കാരാട്ട് സൈദ്ധാന്തികനും'

നരേന്ദ്രമോദിയേയും ഡോ. മന്‍മോഹന്‍ സിങിനേയും ഒരേപോലെ താരതമ്യം ചെയ്യുന്നത് ശരിയല്ല
ടികെഎ നായർ/ ചിത്രം: വിൻസെന്റ് പുളിക്കൽ ( എക്സ്പ്രസ്)
ടികെഎ നായർ/ ചിത്രം: വിൻസെന്റ് പുളിക്കൽ ( എക്സ്പ്രസ്)

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ജീവിച്ചിരുന്നെങ്കില്‍ കേന്ദ്രത്തിലെ യുപിഎ സഖ്യം തകരില്ലായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍. സുര്‍ജിത്തിന്റെ മരണശേഷമാണ് കോണ്‍ഗ്രസ്-ഇടതു പാര്‍ട്ടികളുടെ സഖ്യമായ യുപിഎയുടെ തകര്‍ച്ച നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തു പ്രശ്‌നമുണ്ടായാലും സുര്‍ജിതിനെ താന്‍ കാണും. ചര്‍ച്ചയ്‌ക്കൊടുവില്‍, മന്‍മോഹനോട് പറഞ്ഞോളൂ, ഒന്നു ഭയക്കേണ്ടെന്ന് സുര്‍ജിത് പറയും. അതായിരുന്നു ഒന്നാം യുപിഎയുടെ കരുത്ത്. ടികെഎ നായര്‍ ഓര്‍മ്മിച്ചു. 

സുര്‍ജിത്തിന്റെ പിന്‍ഗാമിയായി വന്ന പ്രകാശ് കാരാട്ട് സുര്‍ജിത്തിനെ പോലെയല്ല. സുര്‍ജിത്ത് രാഷ്ട്രീയ നേതാവാണ്. എന്നാല്‍ കാരാട്ട് ജെഎന്‍യുവില്‍ നിന്നും പഠിച്ചിറങ്ങിയ സൈദ്ധാന്തികനുമാണ്. സിദ്ധാന്തവും പ്രായോഗിക രാഷ്ട്രീയവും രണ്ടും രണ്ടാണ്. ഇന്തോ-- അമേരിക്കന്‍ ആണവക്കരാറാണ് യുപിഎ സഖ്യത്തില്‍ നിന്നും ഇടതു പാര്‍ട്ടികള്‍ വിട്ടുപോകാന്‍ കാരണം. 

അമേരിക്കന്‍ വിരുദ്ധതയാണ് കാരാട്ടിന്റെ കാഴ്ചപ്പാട്. കരാറിന്റെ ആവശ്യകത ഇടതുപക്ഷത്തെ ധരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതു ഫലിച്ചില്ല. ഇടതുപക്ഷം ഉള്‍പ്പെട്ട ഒന്നാം യുപിഎ സഖ്യമായിരുന്നു മികച്ചത്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ തലത്തില്‍ ചര്‍ച്ച ചെയ്തശേഷമായിരുന്നു ഒന്നാം യുപിഎ സര്‍ക്കാര്‍ കാര്യങ്ങള്‍ നടപ്പാക്കിയിരുന്നത്. 

ഇടതുപക്ഷം പോയതോടെ യുപിഎയിലും വളരെ മാറ്റങ്ങളുണ്ടായി. ഇടതുപക്ഷം ഉണ്ടായിരുന്നെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച പല മോശപ്പെട്ട  കാര്യങ്ങളും ഉണ്ടാകുമായിരുന്നില്ല. പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിയേയും ഡോ. മന്‍മോഹന്‍ സിങിനേയും ഒരേപോലെ താരതമ്യം ചെയ്യുന്നത് ശരിയല്ല. സഖ്യകക്ഷി സര്‍ക്കാരിന്റേതായ പല ബുദ്ധിമുട്ടുകളും മന്‍മോഹന്‍ സിങ് നേരിട്ടിരുന്നു.

അദ്ദേഹം തെരഞ്ഞെടുപ്പ് നേരിട്ട് പ്രധാനമന്ത്രിയായ വ്യക്തിയുമല്ല. മന്‍മോഹന്‍സിങ് തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. ഒരാള്‍ രണ്ടാം വട്ടവും പ്രധാനമന്ത്രിയായാല്‍ കൂടുതല്‍ കരുത്തനാകേണ്ടതല്ലേ എന്ന ചോദ്യത്തിന്, എന്നാല്‍ മന്‍മോഹന്റെ കാര്യത്തില്‍ നേരെ തിരിച്ചാണെന്നായിരുന്നു ടികെഎ നായരുടെ മറുപടി. 

യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിങും സോണിയാഗാന്ധിയും തമ്മില്‍ മത്സരമൊന്നും ഉണ്ടായിരുന്നില്ല. സോണിയാഗാന്ധി നിരന്തരം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയാകാന്‍ രാഹുല്‍ഗാന്ധിയെ മന്‍മോഹന്‍ സിങ് നേരിട്ട് ക്ഷണിച്ചതാണ്. എന്നാല്‍ രാഹുല്‍ അത് നിരസിച്ചു. അതിന്റെ കാരണം അറിയില്ലെന്നും ടികെഎ നായര്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com