താമര ചിഹ്നം പതിച്ച ഷര്‍ട്ട്; ജീവനക്കാര്‍ക്ക് പ്രത്യേക യൂണിഫോം; അടിമുടി മാറ്റവുമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം

സെപ്റ്റംബര്‍ 18 നാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നത്
പുതിയ പാർലമെന്റ് മന്ദിരം/ പിടിഐ
പുതിയ പാർലമെന്റ് മന്ദിരം/ പിടിഐ

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം. ലോക്‌സഭ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാര്‍, ചേംബര്‍ അറ്റന്‍ഡന്റുമാര്‍ തുടങ്ങിയ സ്റ്റാഫുകള്‍ക്കാണ് പുതിയ യൂണിഫോം. താമര ചിഹ്നം പതിപ്പിച്ച ക്രീം കളര്‍ ഷര്‍ട്ടും കാക്കി പാന്റും ക്രീം കളര്‍ ജാക്കറ്റുമാണ് വേഷമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വനിതാ ജീവനക്കാര്‍ക്ക് പുതിയ ഡിസൈനിലുള്ള സാരിയാണ് വേഷമെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വേഷത്തിലും മാറ്റമുണ്ട്. നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടേതിന് സമാനമായ യൂണിഫോമായിരിക്കും. ലോക്‌സഭ, രാജ്യസഭ മാര്‍ഷലുമാര്‍ക്ക് മണിപ്പൂരി ശിരോവസ്ത്രമുണ്ടാകും. 

പുതിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ യൂണിഫോം ധരിച്ച് എത്തണമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് യൂണിഫോം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. രാജ്യസഭയുടെ കാര്‍പെറ്റിലും താമര ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്ക് പ്രത്യേക പെരുമാറ്റപരിശീലനവുമുണ്ട്. 

സെപ്റ്റംബര്‍ 18 നാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നത്. ആദ്യ ദിനം പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്‌സഭ, രാജ്യസഭ അംഗങ്ങളുടെ സംയുക്ത സിറ്റിങ്ങ് നടക്കും. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിലാകും സിറ്റിങ്ങ്. അന്ന് പ്രത്യേക പൂജകളും നടക്കും. 

അതേസമയം, താമര ചിഹ്നം പതിച്ച യൂണിഫോം പുതിയ വിവാദത്തിനും വഴി തെളിക്കാനിടയുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണെന്ന് ചൂണ്ടിക്കാട്ടിയാകും പ്രതിഷേധം ഉടലെടുക്കുക. എന്നാല്‍ ദേശീയ പുഷ്പം എന്ന നിലയിലാണ് താമര യൂണിഫോമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com