ടിഡിപിയുമായി സഖ്യമുണ്ടാക്കും; ചന്ദ്രബാബു നായിഡുവിനെ ജയിലില്‍ സന്ദര്‍ശിച്ച് പവന്‍ കല്യാണ്‍

ആന്ധ്രാപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍
പവന്‍ കല്യാണും നന്ദമൂരി ബാലകൃഷ്ണയും മാധ്യമങ്ങളെ കാണുന്നു
പവന്‍ കല്യാണും നന്ദമൂരി ബാലകൃഷ്ണയും മാധ്യമങ്ങളെ കാണുന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. ചന്ദ്രബാബു നായിഡു 371 കോടി രൂപയുടെ അഴിമതിക്കേസില്‍ ജയിലായതിനു പിന്നാലെയാണ് പ്രഖ്യാപനം.

നായിഡുവിന്റെ മകന്‍ നാരാ ലോകേഷ്, ഭാര്യാസഹോദരനും ഹിന്ദുപൂര്‍ എംഎല്‍എയുമായ നന്ദമുരി ബാലകൃഷ്ണ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പവന്‍ കല്യാണ്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്. 

'വരുന്ന തെരഞ്ഞെടുപ്പില്‍ ജന സേനയും തെലുങ്ക് ദേശം പാര്‍ട്ടിയും ഒന്നിച്ചു നില്‍ക്കുമെന്ന് ഞാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് നമ്മുടെ (പാര്‍ട്ടിയുടെ) രാഷ്ട്രീയ ഭാവിക്കു വേണ്ടിയല്ല. ആന്ധ്രാപ്രദേശിന്റെ ഭാവിക്കു വേണ്ടിയാണ്'- പവന്‍ കല്യാണ്‍ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനിയും സഹിക്കാനാവില്ലെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

'അദ്ദേഹം വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല, കൊള്ളയടിക്കുന്നു. മദ്യത്തില്‍നിന്നു പണം സമ്പാദിക്കുന്നു. ഈ അറസ്റ്റ് തികച്ചും രാഷ്ട്രീയ പകപോക്കലാണ്. വൈഎസ്ആര്‍സിപിയും ജഗനും കാരണം എനിക്ക് ലോകേഷിനും ബാലകൃഷ്ണയ്ക്കും ഒപ്പം നില്‍ക്കേണ്ടി വന്നു'-പവന്‍ കല്യാണ്‍ പറഞ്ഞു. പവന്‍ കല്യാണും ബാലകൃഷ്ണയും ഇന്ന് രാവിലെ നായിഡുവിനെ ജയിലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.

ഞായറാഴ്ച ചന്ദ്രബാബു നായിഡുവിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഭാര്യയുടെ വീട്ടുതടങ്കല്‍ അപേക്ഷ ചൊവ്വാഴ്ച അഴിമതി വിരുദ്ധ കോടതി തള്ളി.

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടിഡിപിയുമായും ബിജെപിയുമായും ജനസേന സഖ്യമുണ്ടാക്കിയിരുന്നു. 2019 നിയമസഭ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ജനസേന മത്സരിച്ചത്. പവന്‍ കല്യാണ്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും രണ്ടിടത്തും പരാജയപ്പെട്ടു. തുടര്‍ന്ന് 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനസേന ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com