ജാമ്യഉത്തരവ് തുറക്കാനായില്ല, തടവുകാരന്‍ ജയിലില്‍ കിടന്നത് മൂന്നുവര്‍ഷം; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി 

തടവുകാരന് സംസ്ഥാനസര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ തടവുകാരന് ജയിലില്‍ അധികമായി കഴിയേണ്ടി വന്നത് മൂന്നുവര്‍ഷം. സംഭവത്തില്‍ തടവുകാരന് സംസ്ഥാനസര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. നഷ്ടപരിഹാരത്തുക 14 ദിവസത്തിനകം നല്‍കണമെന്നും വിധിച്ചിട്ടുണ്ട്.  

27 കാരനായ ചന്ദര്‍ജി ഠാക്കൂര്‍ എന്ന തടവുകാരനാണ് ജാമ്യ ഉത്തരവ് തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ മൂന്നു വര്‍ഷം അധികമായി ജയിലില്‍ കിടക്കേണ്ടി വന്നത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാള്‍.

2020 സെപ്റ്റംബര്‍ 29 ന് കോടതി ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കി. ഹൈക്കോടതി രജിസ്ട്രി ഇമെയില്‍ വഴി അടച്ച ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് തുറക്കാന്‍ കഴിയാതിരുന്നതിനാലാണ് തടവുകാരന് മൂന്നുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വന്നത്. 

ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതിരുന്നത് ചൂണ്ടിക്കാട്ടി ചന്ദര്‍ജി ഠാക്കൂര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇമെയിലിനൊപ്പം അയച്ച ജാമ്യ ഉത്തരവ് തുറക്കാന്‍ കഴിയാതിരുന്നതാണ് മോചനത്തിന് തടസ്സമായതെന്ന് ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. 

ഹൈക്കോടതി രജിസ്ട്രിക്ക് പുറമേ, ജില്ലാ സെഷന്‍സ് കോടതിയും ജാമ്യ ഉത്തരവ് അയച്ചിരുന്നതായി ഹൈക്കോടതി കണ്ടെത്തി. കോടതി ഉത്തരവ് നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ ഒരു ശ്രമവും നടത്തിയില്ലെന്ന് കോടതി വിമര്‍ശിച്ചു. അധിക തടവ് അനുഭവിച്ചതിന് നഷ്ടപരിഹാരമായി തടവുകാരന് ഒരു ലക്ഷം രൂപ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കണമെന്നും ജസ്റ്റിസുമാരയ എഎസ് സുപേഹിയ, എംആര്‍ മെംഗ്‌ദേയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com