നോട്ടു നിരോധനം നിയമപരം, റദ്ദാക്കാനാവില്ല: സുപ്രീം കോടതി

4-1 ഭൂരിപക്ഷ വിധിയോടെയാണ് സുപ്രീം കോടതി നോട്ടു നിരോധനം ശരിവച്ചത്
നോട്ടു നിരോധനത്തിനെതിരെ നടന്ന പ്രതിഷേധം/ഫയല്‍
നോട്ടു നിരോധനത്തിനെതിരെ നടന്ന പ്രതിഷേധം/ഫയല്‍

ന്യൂഡല്‍ഹി: 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനം നിയമപരമെന്ന് സുപ്രീം കോടതി. നോട്ടു നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ യുക്തിപരമായിരുന്നുവെന്നു വിലയിരുത്തിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. തീരുമാനം ഫലം കണ്ടോയെന്നത് പ്രസക്തമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. 4-1 ഭൂരിപക്ഷ വിധിയോടെയാണ് സുപ്രീം കോടതി നോട്ടു നിരോധനം ശരിവച്ചത്. 

നോട്ടുകളുടെ കൈമാറ്റ കാലാവധി സംബന്ധിച്ച് ആര്‍ബിഐയുമായുള്ള കൂടിയാലോചനയിലൂടെ കേന്ദ്ര സര്‍ക്കാരിനു തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായി വിധിന്യായത്തില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടി റദ്ദാക്കാനാവില്ല. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റേത് പരമമായ അധികാരമാണെന്നു പറയാനാവില്ലെന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് വ്യക്തമാക്കി. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാലു പേര്‍ ജസ്റ്റിസ് ഗവായിയുടെ വിധിന്യായത്തോടു യോജിച്ചു.

അതേസമയം ആര്‍ബിഐ നിയമത്തിലെ 26-2 വകുപ്പ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനുള്ള അധികാരത്തില്‍, ജസ്റ്റിസ് ഗവായിയോടു വിയോജിക്കുന്നതായി ജസ്റ്റിസ് ബിവി നാഗരത്‌ന വിധിന്യായത്തില്‍ പറഞ്ഞു. ഗസറ്റ് വിജ്ഞാപനം വഴി നോട്ടുകള്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുമോയെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. എല്ലാ നോട്ടുകളും ഇത്തരത്തില്‍ കേന്ദ്രത്തിനു നിരോധിക്കാനാവുമോ? കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയിലാണ് നോട്ടു നിരോധനം നടപ്പാക്കുന്നതെങ്കില്‍ അതിനു നിയമ നിര്‍മാണം വേണമായിരുന്നു. രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാമായിരുന്നെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. 

റിസര്‍വ് ബാങ്ക് ഏതാനും സീരീസ് നോട്ടുകള്‍ നിരോധിക്കുന്നതു പോലെയല്ല, കേന്ദ്ര സര്‍ക്കാര്‍ എല്ലാ സീരീസ് നോട്ടുകളും നിരോധിക്കുന്നത്. നോട്ടു നിരോധനം നടപ്പാക്കണമെങ്കില്‍ അതിനുള്ള ശുപാര്‍ശ ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നാണ് വരേണ്ടിയിരുന്നത്. 

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച, 2016ലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്നില്‍ വന്നത്. 

ജസ്റ്റിസ് ബിആര്‍ ഗവായിയും ജസ്റ്റിസ് ബിവി നാഗരത്‌നയും വെവ്വേറെ വിധിന്യായങ്ങളാണ് എഴുതിയത്. എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ആറു ചോദ്യങ്ങളാണ് കോടതി പ്രധാനമായും പരിഗണിച്ചതെന്ന് ജസ്റ്റിസ് ഗവായി വിധിന്യായത്തില്‍ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com