'സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു, മദ്യലഹരിയില്‍ ശൗചാലയത്തില്‍ പുകവലിച്ചു'; എയര്‍ഇന്ത്യയ്ക്ക് വീണ്ടും നോട്ടീസ് 

പ്രമുഖ വിമാന കമ്പനിയായ എയര്‍ഇന്ത്യയ്ക്ക് വീണ്ടും ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്
എയര്‍ഇന്ത്യ, ഫയല്‍ ചിത്രം
എയര്‍ഇന്ത്യ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്പനിയായ എയര്‍ഇന്ത്യയ്ക്ക് വീണ്ടും ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്. പാരീസ്- ഡല്‍ഹി യാത്രയ്ക്കിടെ ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. സഹയാത്രിക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചതും മദ്യലഹരിയില്‍ ശൗചാലയത്തില്‍ പുകവലിച്ചതുമാണ് വ്യത്യസ്ത സംഭവങ്ങള്‍.

നവംബര്‍ 26ന് ന്യൂയോര്‍ക്ക് - ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയുടെ ദേഹത്ത് വ്യവസായി മൂത്രമൊഴിച്ച സംഭവത്തിന്റെ അലയൊലികള്‍ വിട്ടുമാറും മുന്‍പാണ് ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ ആറിന് പാരീസ്- ഡല്‍ഹി യാത്രയിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ തെറ്റ് ചെയ്ത യാത്രക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ എയര്‍ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് ഡിജിസിഎയുടെ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. എയര്‍ഇന്ത്യ കാലതാമസം വരുത്തുകയും ഉത്തരവാദിത്തബോധത്തോടെ പെരുമാറുകയും ചെയ്തില്ല. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന കാര്യം വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 

മദ്യലഹരിയിലായിരുന്ന ഒരു പുരുഷ യാത്രികന്‍ കാബിന്‍ ക്രൂവിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിക്കുകയും പിന്നീട് ഒരു വനിതാ യാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിക്കുകയുമായിരുന്നു. കാബിന്‍ ക്രൂവിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് മദ്യലഹരിയില്‍ മറ്റൊരു യാത്രക്കാരന്‍ ശൗചാലയത്തില്‍ പുകവലിച്ചു എന്നതാണ് രണ്ടാമത്തെ സംഭവം. സംഭവം പുറംലോകം അറിഞ്ഞിട്ടും യഥാവിധി ഡിജിസിഎയെ അറിയിക്കാന്‍ എയര്‍ഇന്ത്യ നടപടി സ്വീകരിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു. ഡിജിസിഎ റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ കുറഞ്ഞത് പ്രതികരിക്കാന്‍ വരെ തയ്യാറായതെന്നും ഡിജിസിഎയുടെ നോട്ടീസില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com