പുല്ല് കഴുകി തിന്ന് അരിക്കൊമ്പൻ; ആന കോതയാര്‍ ഡാം പരിസരത്ത് ; ഉന്മേഷവാനെന്ന് തമിഴ്നാട് വനംവകുപ്പ് ( വീഡിയോ)

By സമകാലിക മലയാളം ഡെസ്ക്  |   Published: 08th June 2023 12:12 PM  |  

Last Updated: 08th June 2023 12:24 PM  |   A+A-   |  

arikomban

വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

ചെന്നൈ: മുത്തുക്കുഴി വനത്തില്‍ തമിഴ്‌നാട് വനംവകുപ്പ് തുറന്നു വിട്ട അരിക്കൊമ്പന്‍ കോതയാര്‍ ഡാം പരിസരത്ത് ചുറ്റിക്കറങ്ങുന്നു. കോതയാർ ഡാമിനു സമീപം പുല്ല് വെള്ളത്തിൽ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ വീഡിയോ പുറത്തുവന്നു. തമിഴ്‌നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

അരിക്കൊമ്പൻ ഉന്മേഷവാനാണെന്നും, പുതിയ സാഹചര്യങ്ങളോട് ഇണങ്ങിയതായാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നതെന്നും സുപ്രിയ സാഹു അഭിപ്രായപ്പെട്ടു. ആനയുടെ ആരോഗ്യ നിലയും നീക്കങ്ങളും തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. പുതിയ സാഹചര്യങ്ങളിൽ അരിക്കൊമ്പൻ ശാന്തനാണെന്നും,  അത് എക്കാലവും തുടരട്ടെയെന്നും സുപ്രിയ സാഹു ട്വിറ്ററിൽ കുറിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അരിക്കൊമ്പനെ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ നിബിഡ വനമേഖലയിലേക്ക് തുറന്നു വിട്ടത്. അരിക്കൊമ്പനിൽ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നൽ ലഭിക്കുന്നുണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. വെറ്റിനറി ഡോക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും മേല്‍നോട്ടത്തില്‍, പത്ത് വാച്ചര്‍മാര്‍, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍, രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘം ആനയുടെ ആരോഗ്യനിലയും നീക്കങ്ങളും നിരീക്ഷിച്ചു വരികയാണ്. 

അരിക്കൊമ്പൻ കോതയാർ ഡാമിനു സമീപം നിലയുറപ്പിച്ചതായി കേരള വനം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. കോതയാർ ഡാമിൽ നിന്നും കേരളത്തിലെ വിതുര വഴി നെയ്യാർ വനമേഖലയിലേക്കു 130 കിലോമീറ്റർ ദൂരമുണ്ട്.  നെയ്യാർ വനമേഖലയിലേക്ക് അരിക്കൊമ്പൻ എത്തിയാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ട്രെയിന്‍ ദുരന്തം: റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ സിബിഐ പിടിച്ചെടുത്തു; ലോക്കോ പൈലറ്റിനെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ