മോദിയുടെ ഡിഗ്രി, പിജി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ട; വിവരാവകാശ കമ്മിഷന്‍ ഉത്തരവ് തള്ളി ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2023 03:11 PM |
Last Updated: 31st March 2023 03:11 PM | A+A A- |

പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പ്രധാനമന്ത്രിയുടെ ഓഫിസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവ് ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് റദ്ദാക്കി.
പ്രധാനമന്ത്രിയുടെ ഓഫിസ്, ഗുജറാത്ത് യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവയ്ക്കാണ് വിവരാവകാശ കമ്മിഷന്‍ ഉത്തരവ് നല്‍കിയത്. ഇതിനെതിരെ ഗുജറാത്ത് യൂണിവേഴ്‌സിറ്റി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആരാഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോടതി 25,000 രൂപ പിഴ ചുമത്തി.
ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 1978ല്‍ ബിരുദവും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്ന് 1983ല്‍ ബിരുദാനന്തര ബിരുദവും നേടിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിന്റെ വിവരങ്ങളാണ് കെജരിവാള്‍ ആരാഞ്ഞത്.
സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ നല്‍കാന്‍ സര്‍വകലാശാലയെ നിര്‍ബന്ധിക്കാനാവില്ലെന്ന്, ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. ഇതില്‍ പൊതുതാത്പര്യമൊന്നുമില്ല. ഒരാളുടെ ബാലിശമായ കൗതുകത്തിനു വേണ്ടി ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. പ്രധാനമന്ത്രിക്കു ബിരുദമുണ്ടോയെന്നത് അദ്ദേഹത്തിന്റെ ചുമതലയുമായി ഒരുതരത്തിലും ബന്ധപ്പെടാത്ത കാര്യമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു' പോസ്റ്റര്‍; ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ