"നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു"; രാജി പിൻവലിച്ച് ശരത് പവാർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th May 2023 07:09 PM |
Last Updated: 05th May 2023 07:09 PM | A+A A- |

ശരത് പവാർ/ ചിത്രം: പിടിഐ
മുംബൈ: എൻസിപി ദേശീയ അധ്യക്ഷസ്ഥാനത്ത് ശരത് പവാർ തുടരും. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെ ബഹുമാനിക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും പ്രവർത്തകരുടെയും മറ്റു നേതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തുടരുന്നതെന്നും പവാർ പറഞ്ഞു. ശരദ് പവാർ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന്, എൻസിപി കോർ കമ്മിറ്റി, പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് രാജി പിൻവലിക്കാനുള്ള തീരുമാനം.
"നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു. രാജി പിൻവലിക്കണമെന്ന നിങ്ങളുടെ ആവശ്യത്തെ ബഹുമാനിക്കുന്നു", ശരത് പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതിർന്ന നേതാക്കൾ പാസാക്കിയ പ്രമേയം മാനിച്ച് രാജി തീരുമാനം പിൻവലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ ആത്മകഥയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കവെ മേയ് രണ്ടിനാണ് പാർട്ടി പ്രവർത്തകരെ ഞെട്ടിച്ച തീരുമാനം ശരദ് പവാർ പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗമാണ് പവാറിന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. പവാറിന്റെ രാജി നിരസിക്കുകയും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ശരദ് പവാർ എൻസിപി നേതൃസ്ഥാനത്ത് തുടരണമെന്ന് പ്രതിപക്ഷ പാർട്ടികളും നേതാക്കളും അഭ്യർത്ഥിച്ചിരുന്നു. സിപിഎം, സിപിഐ, കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ പാർട്ടികളാണ് പവാറിനോട് നേതൃസ്ഥാനത്ത് തുടരാൻ അഭ്യർത്ഥിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
രജൗറി ഏറ്റുമുട്ടൽ: മൂന്നു സൈനികർക്ക് കൂടി വീരമൃത്യു; മരണം അഞ്ചായി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ