എന്താണ് കച്ചത്തീവ് കൈമാറ്റം?; 50 വര്‍ഷത്തിനിപ്പുറം ചര്‍ച്ചയായി കരാര്‍, തമിഴ്നാട്ടില്‍ ചൂടേറിയ തെരഞ്ഞെടുപ്പു വിഷയം

തമിഴ്‌നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാനായി ഭരണകക്ഷിയായ ഡിഎംകെ ഒന്നും ചെയ്തില്ലെന്ന് നരേന്ദ്രമോദി
കച്ചത്തീവ്
കച്ചത്തീവ് എക്‌സ് ചിത്രം

ന്യൂഡല്‍ഹി: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വലിയ രാഷ്്ട്രീയ വിഷയമായി മാറുന്നു. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും, എത്ര നിസ്സാരമായിട്ടാണ് കച്ചത്തീവ് അവര്‍ ലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചതോടെയാണ്, 50 വര്‍ഷം മുമ്പത്തെ കരാര്‍ വീണ്ടും സജീവ ചര്‍ച്ചയായത്.

രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ മാന്നാര്‍ കടലിടുക്കിലെ ചെറുദ്വീപാണ് കച്ചത്തീവ്. 1974-ല്‍ ഇന്ത്യ ഇത് ശ്രീലങ്കയ്ക്കു കൈമാറുകയായിരുന്നു. ഇന്ദിരാ​ഗാന്ധി പ്രധാനമന്ത്രിയായിരുന്ന വേളയിലായിരുന്നു കൈമാറ്റം. കച്ച(അഴുക്കു നിറഞ്ഞ പ്രദേശം)യിൽ നിന്നാണ് കച്ചത്തീവ് (കച്ചദ്വീപ്) എന്ന പേര് ലഭിക്കുന്നത്. 1956--ൽ കച്ചത്തീവിനു മേൽ അന്നത്തെ സിലോൺ ഗവണ്മെന്റ് അവകാശമുന്നയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കച്ചത്തീവിൽ ഇന്ത്യയും ശ്രീലങ്കയും താൽപ്പര്യം ഉന്നയിച്ചിരുന്നെങ്കിലും, ഇരുകൂട്ടരും തങ്ങളുടെ പൊലീസിനെയോ മറ്റ് ഉദ്യോഗസ്ഥന്മാരെയോ നിയോഗിച്ചിരുന്നില്ല. 1968 ൽ ഇന്ത്യ സമുദ്രാതിർത്തി 20 കി മീ ആക്കി വർദ്ധിപ്പിച്ചതോടെയാണ് കച്ചത്തിവ് പ്രശ്നം സജീവമാകുന്നത്. 1970-ൽ സിലോണും (ശ്രീലങ്ക) സമുദ്രാതിർത്തി 19.2 കി. മീ ആക്കിയതോടെ തർക്കം കൂടുതൽ സങ്കീർണ്ണമായി. പ്രശ്നപരിഹാരത്തിനായി നീണ്ട ചർച്ചകൾക്കു ശേഷം 1974 ജൂലൈ 28-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്ക പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച്, കച്ചത്തീവ് ശ്രീലങ്കയുടെതായിത്തീർന്നു.

തമിഴ്നാട്ടിലെ മീന്‍പിടിത്തക്കാര്‍ക്കുനേരെ ശ്രീലങ്കന്‍സേന നടത്തുന്ന അതിക്രമങ്ങള്‍ തടയുന്നതിന് കച്ചത്തീവ് ഇന്ത്യ തിരിച്ചുപിടിക്കുകതന്നെ ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. 1974 ലെ ഉടമ്പടി പിൻവലിച്ച് കച്ചത്തീവ് വീണ്ടെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2013 ലും ആവശ്യപ്പെട്ടിരുന്നു. കച്ചത്തീവ് കൈമാറ്റവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ രേഖകളാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. കരാറിനെ കരുണാനിധി അനുകൂലിച്ചിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കിയത്.

കഴിഞ്ഞദിവസം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. ഇന്ത്യയുടെ കെട്ടുറപ്പും അഖണ്ഡതയും താല്‍പ്പര്യങ്ങളും ദുര്‍ബലപ്പെടുത്തുന്നതാണ് 75 വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനരീതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന് മറുപടിയായി കച്ചിത്തീവ് വിഷയത്തില്‍ മോദി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോയെന്നായിരുന്നു ഖാര്‍ഗെ തിരിച്ചടിച്ചത്. കച്ചത്തീവ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്‌തോയെന്നും ഖാര്‍ഗെ ചോദിച്ചു.

ഇതിനു പിന്നാലെയാണ് ഡിഎംകെയ്‌ക്കെതിരെയും പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. തമിഴ്‌നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാനായി ഭരണകക്ഷിയായ ഡിഎംകെ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ വിഷയത്തില്‍ പുറത്തുവരുന്ന പുതിയ വിശദാംശങ്ങളിലൂടെ ഡിഎംകെയുടെ ഇരട്ടത്താപ്പ് പൂര്‍ണ്ണമായും വെളിപ്പെടുകയാണ്. ഡിഎംകെ പരസ്യമായി കരാറിനെ എതിര്‍ത്തപ്പോള്‍, അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കരാറിന് അനുമതി നല്‍കിയതിനെ അനുകൂലിച്ചിരുന്നതായി മാധ്യമ വാര്‍ത്തകളുണ്ട്. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസും ഡിഎംകെയും കുടുംബ യൂണിറ്റുകളാണ്. തങ്ങളുടെ മക്കളേയും കുടുംബാംഗങ്ങളുടേയും ഉയര്‍ച്ചയാണ് അവര്‍ക്ക് പ്രധാനം. മറ്റൊന്നും അവര്‍ക്ക് വിഷയമല്ല. കച്ചത്തീവിനോടുളള ഡിഎംകെയുടെ നിസംഗത നമ്മുടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയും അവരുടെ താല്‍പ്പര്യങ്ങളെയും ഹനിച്ചിരിക്കുന്നു. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കച്ചത്തീവ്
'ആദ്യം കണ്ടപ്പോള്‍ തന്നെ രാം ലല്ല പറഞ്ഞു; ഇന്ത്യയുടെ സുവര്‍ണയുഗം ആരംഭിച്ചെന്ന്': അയോധ്യയിലെ പ്രാണപ്രതിഷ്ഠാ അനുഭവങ്ങള്‍ പങ്കിട്ട് മോദി

കച്ചിത്തീവ് കൈമാറ്റ വിഷയത്തില്‍ ഞായറാഴ്ച പ്രധാനമന്ത്രി കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. ഇന്ത്യയുടെ കെട്ടുറപ്പും അഖണ്ഡതയും താല്‍പ്പര്യങ്ങളും ദുര്‍ബലപ്പെടുത്തുന്നതാണ് 75 വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനരീതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും, എത്ര നിസ്സാരമായിട്ടാണ് കച്ചിത്തീവ് അവര്‍ ലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com