'സ്വന്തം സ്വത്ത് മക്കള്‍ക്ക് നല്‍കാനാവില്ല'; പിത്രോദയുടെ വാക്കുകള്‍ ആയുധമാക്കി ബിജെപി

സമ്പത്തിന്റെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണായുധമാക്കി ബിജെപി
സാം പിത്രോദ, ഛത്തീസ്​ഗഡിൽ റാലിയിൽ പങ്കെടുക്കുന്ന മോദി
സാം പിത്രോദ, ഛത്തീസ്​ഗഡിൽ റാലിയിൽ പങ്കെടുക്കുന്ന മോദിഫയൽ, എക്സ്

ന്യൂഡല്‍ഹി: സമ്പത്തിന്റെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണായുധമാക്കി ബിജെപി. സമ്പത്ത് പുനര്‍വിതരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയരംഗത്ത് ചര്‍ച്ച പുരോഗമിക്കുന്നതിനിടെ, അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നയത്തെ പിന്തുണച്ച് സാം പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. എക്കാലത്തെയും ഉയര്‍ന്ന നികുതി ചുമത്തി സ്വന്തം ഖജനാവ് നിറയ്ക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അധ്വാനിച്ച് സമ്പാദിച്ച സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ അവര്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.

സാം പിത്രോദയുടെ പരാമര്‍ശം പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് ഛത്തീസ്ഗഡ് സര്‍ഗുജയിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. 'രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേഷ്ടാവ് ഇടത്തരക്കാര്‍ക്ക് കൂടുതല്‍ നികുതി ചുമത്തണമെന്ന് കുറച്ച് മുമ്പ് പറഞ്ഞിരുന്നു. ഇന്‍ഹെറിറ്റന്‍സ് നികുതി ചുമത്തുമെന്ന് പറയുന്നു. മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്ന അനന്തരാവകാശത്തിനും നികുതി ചുമത്തുമെന്നും കോണ്‍ഗ്രസ് പറയുന്നു. നിങ്ങളുടെ അധ്വാനത്തിലൂടെ നിങ്ങള്‍ സ്വരൂപിക്കുന്ന സമ്പത്ത് നിങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കില്ല. പകരം കോണ്‍ഗ്രസ് അത് തട്ടിയെടുക്കും.'- മോദി പറഞ്ഞു.

പിത്രോദയുടെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന്റെ അപകടകരമായ ഉദ്ദേശ്യങ്ങള്‍ തുറന്നുകാട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന് ഒരു മന്ത്രം മാത്രമേയുള്ളൂ. ജനങ്ങള്‍ ജീവിച്ചിരുന്നാലും മരിച്ചാലും കൊള്ളയടിക്കുക എന്നതാണ് ആ മന്ത്രമെന്നും മോദി ആരോപിച്ചു. ആരുടെയും പേര് പരാമര്‍ശിക്കാതെയാണ് ഗാന്ധി കുടുംബത്തിനെതിരെ മോദി വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ തങ്ങളുടെ തറവാട്ടു സ്വത്തായി കണക്കാക്കി മക്കള്‍ക്ക് കൈമാറിയവര്‍, ഇപ്പോള്‍ ഇന്ത്യക്കാര്‍ അവരുടെ സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി ആരോപിച്ചു.

സാം പിത്രോദയുടെ വാക്കുകളിലുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദ്ദേശം പുറത്തുവന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. ഒന്നാമതായി അവരുടെ പ്രകടനപത്രികയിലെ 'സര്‍വേ' പരാമര്‍ശം, ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങളുടെ മേല്‍ ആദ്യാവകാശം ഉണ്ടെന്ന മന്‍മോഹന്‍ സിങ്ങിന്റെ പഴയ പ്രസ്താവന, ഇപ്പോള്‍ അമേരിക്കയെ ഉദ്ധരിച്ച് സമ്പത്തിന്റെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച വേണമെന്ന സാം പിത്രോഡയുടെ പരാമര്‍ശം. ഇപ്പോള്‍ പ്രധാനമന്ത്രി മോദി ഈ വിഷയം ഉന്നയിച്ചപ്പോള്‍, രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇത് ഒരിക്കലും അവരുടെ ഉദ്ദേശമല്ലെന്ന് പറഞ്ഞ് പിന്നോട്ട് പോയിരിക്കുകയാണ്'- അമിത് ഷാ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നയമനുസരിച്ച് നൂറ് ദശലക്ഷം ഡോളര്‍ ആസ്തിയുള്ള ഒരാള്‍ മരണപ്പെട്ടാല്‍ അതില്‍ 45 ശതമാനം സമ്പത്ത് മാത്രമാണ് അനന്തരവകാശികള്‍ക്ക് ലഭിക്കുക എന്ന് തുടങ്ങുന്നതാണ് പിത്രോദയുടെ പരാമര്‍ശം. 'ബാക്കി 55 ശതമാനം സര്‍ക്കാര്‍ ഏറ്റെടുക്കും. നിങ്ങളും നിങ്ങളുടെ തലമുറയും ക്ഷേമത്തോടെ ജീവിച്ചു, ഇപ്പോള്‍ നിങ്ങള്‍ മടങ്ങുകയാണ്. നിങ്ങളുടെ സമ്പത്തില്‍ ഒരു പങ്ക് പൊതുജനങ്ങള്‍ക്കുള്ളതാണ്. ന്യായമായ കാര്യമാണിത് എന്നാണ് എന്റെ അഭിപ്രായം',- പിത്രോദ പറഞ്ഞു.

'എന്നാല്‍, ഇന്ത്യയില്‍ അത്തരത്തില്‍ ഒരു നിയമം ഇല്ല. 10 ദശലക്ഷം ആസ്തിയുള്ള ഒരാള്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കാണ് ആ 10 ദശലക്ഷവും ലഭിക്കുക. പൊതുജനങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ജനം ചര്‍ച്ചചെയ്യേണ്ടതുണ്ട്. സമ്പത്തിന്റെ പുനര്‍വിതരണത്തേക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ നമുക്ക് പുതിയ നയങ്ങളേക്കുറിച്ചും പദ്ധതികളേക്കുറിച്ചും സംസാരിക്കേണ്ടിവരും. അവ അതിസമ്പന്നരുടെയല്ല, ജനങ്ങളുടെ താല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ളതായിരിക്കും'- അദ്ദേഹം എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സാം പിത്രോദ, ഛത്തീസ്​ഗഡിൽ റാലിയിൽ പങ്കെടുക്കുന്ന മോദി
'വാദം കേള്‍ക്കല്‍ തീര്‍ന്നിട്ട് ആഴ്ചകളായി, വിധി വന്നില്ല'; ഹേമന്ദ് സോറന്‍ വീണ്ടും സുപ്രീം കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com