ഡല്‍ഹിയെ നിശ്ചലമാക്കി വീണ്ടും കര്‍ഷക പ്രക്ഷോഭം; സംഘര്‍ഷം, കണ്ണീര്‍ വാതകം പ്രയോഗിച്ചു (വീഡിയോ)

അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്
ശംഭു അതിർത്തിയിൽ കർഷക മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
ശംഭു അതിർത്തിയിൽ കർഷക മാർച്ച് പൊലീസ് തടഞ്ഞപ്പോൾ പിടിഐ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് തുടങ്ങി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഭാഗത്തു നിന്നുള്ള നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് നീങ്ങുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയത്.

സമരക്കാര്‍ പഞ്ചാബ് അതിര്‍ത്തി കടന്നു. കര്‍ഷകരെ പൊലീസ് തടഞ്ഞില്ല. ദിവസങ്ങളോളം താമസിക്കാനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് കര്‍ഷകര്‍ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സമരക്കാരെ തടയാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തികളില്‍ നൂറു കണക്കിന് പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.

റോഡുകളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തിയിട്ടുണ്ട്. സിംഘു, തിക്രി, ഗാസിപൂര്‍, നോയിഡ തുടങ്ങിയ അതിര്‍ത്തികളിലെല്ലാം നിരവധി ബാരിക്കേഡുകളാണ് കര്‍ഷകരെ തടയാനായി നിരത്തിയിട്ടുള്ളത്. അതിനിടെ പഞ്ചാബ്- ഹരിയാന ശംഭു അതിര്‍ത്തിയില്‍ സമരക്കാരെ പൊലീസ് തടഞ്ഞു. സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

കര്‍ഷകസംഘടനകളുടെ ഡൽഹി വളയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബാവനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ തള്ളി.കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണ്. സമാധാനപരമായി പ്രതിഷേധം നടത്തുന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗഹ്‌ലോത് വ്യക്തമാക്കി.

ശംഭു അതിർത്തിയിൽ കർഷക മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
ജെഇഇ മെയിന്‍ ഫലം പുറത്ത്; 23 പേര്‍ക്ക് പെര്‍ഫെക്ട് 100

കേന്ദ്ര സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം. രാജ്യത്തെ കര്‍ഷകര്‍ നമുക്ക് അന്നം തരുന്നവരാണ്, അവരെ അറസ്റ്റ് ചെയ്യുന്നത് മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നടപടികളിൽ കക്ഷിയാകാന്‍ കഴിയില്ലെന്നും ഗഹ്‌ലോത് പറഞ്ഞു. കർഷക സമരത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി ബാർ അസോസിയേഷൻ കത്തു നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com