ബംഗളൂരു: തുടർച്ചയായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച സ്കൂട്ടർ ഉടമ ഒടുവിൽ കുടുങ്ങി. ഒന്നര വർഷത്തിനിടെ 350 തവണ നിയമലംഘനം നടത്തിയ ബംഗളൂരു സുധാമനഗർ സ്വദേശി വെങ്കിടരാമനു ട്രാഫിക്ക് പൊലീസ് 3.2 ലക്ഷം രൂപ പിഴ ചുമത്തി.
ഹെൽമറ്റ് വയ്ക്കാതെയും സിഗ്നൽ തെറ്റിച്ചും മൊബൈലിൽ സംസാരിച്ചുമൊക്കെയാണ് ഇയാളുടെ നിയമ ലംഘനം. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയെന്നു പൊലീസ് വ്യക്തമാക്കി.
ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളുടെ നിയമം കാറ്റിൽ പറത്തിയുള്ള സഞ്ചാരം പൊലീസ് മനസിലാക്കിയത്. പിഴക്കുടിശികയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് വെങ്കിടരാമന്റെ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടത്.
ഇയാളുടെ വീട്ടിലെത്തി പൊലീസ് പിഴയൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ സ്കൂട്ടറിനു 30,000 രൂപയേ വിലയുള്ളുവെന്നും പിഴ ഒഴിവാക്കണമെന്നും ഇയാൾ പറഞ്ഞു. എന്നാൽ ശക്തമായ നടപടിയുമായി മുന്നോട്ടു പോകാനാണ് ട്രാഫിക്ക് പൊലീസിന്റെ തീരുമാനം.
ഗഡുക്കളായി പിഴയൊടുക്കാനുള്ള സൗകര്യം ഒരുക്കാമെന്നു പൊലീസ് വെങ്കിടരാമനു ഉറപ്പു നൽകിയിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കിൽ കേസെടുത്ത് നടപടികളുമായി മുന്നോട്ടു പോകുമെന്നും പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ